കേന്ദ്ര-കേരള സർക്കാരുകൾ ദുരിത ബാധിതരെ വഞ്ചിക്കുന്നു: യൂത്ത് കോണ്ഗ്രസ്
1481353
Saturday, November 23, 2024 5:38 AM IST
കോട്ടത്തറ: മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതരെ കേന്ദ്ര, കേരള സർക്കാരുകൾ വഞ്ചിക്കുകയാണെന്നു യൂത്ത് കോണ്ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ദുരന്ത സ്ഥലം സന്ദർശിച്ച പ്രധാന മന്ത്രി പണം ഒന്നിനും തടസമാകില്ലെന്നു വാക്ക് നൽകിയിരുന്നെങ്കിലും നാളിതുവരെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനോ സഹായധനം അനുവദിക്കാനോ തയാറാകാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ദുരന്തത്തെ ലഘൂഖരിക്കുന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നിലപാട് സ്വന്തം ജനതയോടുള്ള വഞ്ചനയാണ്.
പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയണ്. രണ്ട് മാസമായി ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച സഹായ ധനം മുടങ്ങിയിട്ട്. അറുനൂറ്റി അൻപത് കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിയിട്ടും സഹായധനം വിതരണം ചെയ്യാത്തത് ദുരിത ബാധിതരുടെ ജീവിതം ദുസഹമാക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ ആവശ്യമായ ജാഗ്രത പുലർത്തുന്നില്ല.
പുനരധിവാസത്തിന്റെ ചുമതലയുള്ള എഡിഎം ഒരു മാസത്തോളം അവധിയിൽ പോയിട്ടും പകരം ഉദ്യോഗസ്ഥനെ നിയമിക്കാതെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ചാർജ് നൽകിയത് ദുരന്ത ബാധിരോടുള്ള അവഗണനയാണെന്നും യോഗം കുറ്റപ്പെടുത്തി.
കേന്ദ്ര, കേരള സർക്കാരുകളുടെ ജനവഞ്ചന അവസാനിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി രോഹിത് ബോധി പറഞ്ഞു. വിനോജ് കോട്ടത്തറ അധ്യക്ഷത വഹിച്ചു. പ്രജീഷ് ജൈൻ, ജിതിൻ കുഴിക്കാട്ടിൽ, അജീഷ്, വിവേക് എന്നിവർ പ്രസംഗിച്ചു.