ദുരന്ത ബാധിതർക്ക് പോത്ത്, ആട് വിതരണം നടത്തി
1481351
Saturday, November 23, 2024 5:38 AM IST
കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ വയനാട് ജില്ലയിലെ പ്രളയ / ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നടപ്പാക്കിവരുന്ന ജീവനോപാധി വിതരണ പദ്ധതിയുടെ ഭാഗമായി 14 പോത്ത് കുട്ടികളെയും 36 ആടുകളെയും വിതരണം ചെയ്തു. ആന്ധ്രാ മുറ ക്രോസ് ഇനത്തിൽ പെട്ട 130 മുതൽ 150 കിലോഗ്രാം വരെ ഭാരമുള്ള പോത്ത് കുട്ടികളെയാണ് വിതരണം ചെയ്തത്. വെറ്ററിനറി ആൻഡ് അഗ്രിക്കൾച്ചർ ബയോ സൊസൈറ്റിയിൽ നിന്നുമാണ് പോത്ത് കുട്ടികളെ വാങ്ങിയത്.
കുറുമണി, പനമരം, അരിവയൽ എന്നിവടങ്ങളിൽ നിന്നുള്ള വ്യക്തികൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത്.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഫീസ് പരിസരത്തു നടന്ന വിതരണം കാത്തലിക് റിലീഫ് സർവീസ് പ്രോജക്ട് കണ്‍സൾട്ടന്റ് പി.കെ. കുര്യൻ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
ഒരു വ്യക്തിക്ക് രണ്ട് ആടുകളെ വീതമാണ് വിതരണം ചെയ്തത്. മലബാറി ഇനത്തിലുള്ള 18 മുതൽ 20 കിലോഗ്രാം വരെയുള്ള ആടുകളെ ചെറുപുഴ ഗുഡ് ഷെപ്പേർഡ് ഫാമിൽ നിന്നാണ് കൊണ്ടുവന്നത്.
ചാമടിപോയിൽ, ആറാട്ടുതറ, ചാലിഗദ, കൊയിലേരി എന്നിവടങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് അവരുടെ പ്രദേശങ്ങളിൽ ആണ് ആടുകളെ വിതരണം ചെയ്തത്. കൊയിലേരിയിൽ നടന്ന വിതരണം മാനന്തവാടി മുനിസിപ്പൽ കൗണ്‍സിലർ ആലിസ് സിസിൽ ഉദ്ഘാടനം ചെയ്തു.
വിതരണത്തിന് മുന്നോടിയായി ഗുണഭോക്താക്കൾക്ക് ശാസ്ത്രീയ പരിശീലനം നൽകി. മാനന്തവാടി വെറ്ററിനറി ആശുപത്രിയിലെ ഡോ. ഫഹ്മിദാ അഷർ, വെറ്റനറി ആൻഡ് അഗ്രിക്കൾച്ചർ ബയോ സൊസൈറ്റി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അഭിനന്ദ് എന്നിവർ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. വെറ്റനറി ആൻഡ് അഗ്രിക്കൾച്ചർ ബയോ സൊസൈറ്റി പ്രവർത്തകരായ ഇ.ആർ. വിജേഷ്, അബ്സൽ, ബബീഷ് എന്നിവർ പ്രസംഗിച്ചു.
പ്രോജക്ട് കോഓർഡിനേറ്റമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ, ഫീൽഡ് സൂപ്പർവൈസർ മാരായ ആലിസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.