തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണം; വിഇഒ തസ്തിക ഇല്ലാതാകും
1481981
Monday, November 25, 2024 6:25 AM IST
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന്റെ പശ്ചാത്തലത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ(വിഇഒ)തസ്തിക ഇല്ലാതാകുന്നു. വാനിഷിംഗ് കാറ്റഗറിയായി മാറ്റിയ വിഇഒ തസ്തിക നിലവിലെ പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയായാൽ ഇല്ലാതാകും.
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു. ശേഷിക്കുന്ന ജില്ലകളിൽ ഫെബ്രുവരിയോടെ പൂർത്തിയാകും. വിഇഒമാർ നിർവഹിച്ചിരുന്ന ചുമതലകൾ പിന്നീട് ആരാണ് ചെയ്യേണ്ടതെന്നതിൽ വ്യക്തതയില്ല.
സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, കൃഷി ഓഫീസർ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, മെഡിക്കൽ ഓഫീസർമാർ, വെറ്ററിനറി സർജൻ, ഐസിഡിഎസ് സൂപ്പർവൈസർ തുടങ്ങി പത്തിലധികം നിർവഹണ ഉദ്യോഗസ്ഥരുള്ള പഞ്ചായത്തുകളിൽ വികസന ഫണ്ടിന്റെ 20 മുതൽ 35 വരെ ശതമാനം തുക വിഇഒമാരാണ് ചെലവഴിക്കുന്നത്.
മറ്റ് നിർവഹണ ഉദ്യോഗസ്ഥർക്ക് ക്ലാർക്കുമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിക്കുന്പോൾ നിരവധി ചുമതലകളുള്ള വിഇഒമാർ എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ട സ്ഥിതിയാണ്.ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം, ശുചിത്വ പദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങിയവയുടെ നിർവഹണ ഉദ്യോഗസ്ഥൻ വിഇഒയാണ്. വയനാട്ടിലെ 23 പഞ്ചായത്തുകളിലെ വിഇഒമാർ ശരാശരി 27 ശതമാനം പ്ലാൻ ഫണ്ടാണ് ചെലവഴിക്കുന്നത്.
തവിഞ്ഞാൽ, പനമരം, പൂതാടി, മേപ്പാടി തുടങ്ങിയ പഞ്ചായത്തുകളിൽ ഇത് 30 ശതമാനത്തിൽ കൂടുതലാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി 150 കോടിയോളം രൂപയാണ് പ്ലാൻ ഫണ്ടായി ലഭിക്കുന്നത്. ഇതിൽ 40 കോടി രൂപയും ചെലവഴിക്കുന്നത് വിഇഒമാരാണ്. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വിഹിതം, കേന്ദ്ര വിഹിതം, ലൈഫ് പദ്ധതിക്കുള്ള വായ്പകൾ എന്നിവയെല്ലാം ചേർത്ത് പഞ്ചായത്തുകൾ ഒരു വർഷം നീക്കിവയ്ക്കുന്ന തുകയുടെ 60 ശതമാനവും ചെലവഴിക്കുന്നത് വിഇഒ ആണ്.വാർധക്യ പെൻഷൻ, വിവിധ പരാതികൾ, ബിപിഎൽ അപേക്ഷകൾ എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥൻ വിഇഒയാണ്.
ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പിഎംഎവൈ, പിഎം ജൻമൻ ഭവന പദ്ധതികളുടെ പഞ്ചായത്തുതല സർവേ മുതലുള്ള ജോലികളും വിഇഒയാണ് ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ നൂറു ശതമാനം പ്രവൃത്തികളും പരിശോധിക്കേണ്ട വിഇഒ തന്നെയാണ് വ്യക്തിഗത ആസ്തികളുടെ അർഹതാ പരിശോധന നടത്തേണ്ടത്. അതിദാരിദ്യ്ര നിർമാർജന പദ്ധതിയുടെ അസിസ്റ്റന്റ് നോഡൽ ഓഫീസറാണ് വിഇഒ. ശുചിത്വ മാലിന്യ പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും വിഇഒ ആണ്.ഓരോ പഞ്ചായത്തിലും ലൈഫ് ഭവന പദ്ധതിയിൽ ആയിരത്തിലേറെ അപേക്ഷകരാണുള്ളത്. ഇവരുടെ അർഹതാ പരിശോധന, കരാർ വയ്ക്കൽ, തുക നൽകൽ എന്നിവ ചെയ്യേണ്ടത് വിഇഒമാരാണ്.
ഒരു പഞ്ചായത്തിൽ രണ്ടു വിഇഒ തസ്തികയാണുള്ളത്. എന്നാൽ പലേടത്തും രണ്ടു പേർ ഇല്ലാത്ത സ്ഥിതിയാണ്. എറെ ജോലിഭാരമുള്ള തസ്തികയാണ് വാനിഷിംഗ് കാറ്റഗറിയായി മാറ്റിയത്. വിഇഒയുടെ നിർവഹണച്ചുതല അസിസ്റ്റന്റ് സെക്രട്ടറിക്ക് നൽകാൻ നീക്കമുള്ളതായി സൂചനയുണ്ട്. വിഇഒമാരുടെ ഹാജർ പഞ്ചായത്തുകളിൽ രേഖപ്പെടുത്തണമെന്ന വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിട്ടുണ്ട്.