പുറക്കാട്ടിരി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് പാത മീറ്റ് ദി ലീഡേഴ്സ് പ്രോഗ്രാം ആരംഭിച്ചു
1482171
Tuesday, November 26, 2024 5:53 AM IST
മാനന്തവാടി: പുറക്കാട്ടിരി - മാനന്തവാടി - കുട്ട - മൈസൂർ ഗ്രീൻഫീൽഡ് പാതയ്ക്കായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുന്നതിന് നിവേദനം നൽകുന്നതിന്റെ ഭാഗമായി മാനന്തവാടിയിൽ മീറ്റ് ദി ലീഡേഴ്സ് പ്രചരണ പരിപാടി ആരംഭിച്ചു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ലോക്സഭാ, നിയമസഭാ ജനപ്രതിനിധികൾ തദ്ദേശസ്വയംഭരണ സ്ഥാപക മേധാവികൾ തുടങ്ങിയവർക്കാണ് നിവേദനം നൽകുന്നത്. നിർദിഷ്ട ദേശീയപാത വികസന സമിതി ചെയർമാൻ കെ.എ. ആന്റണി കോഓർഡിനേറ്റർ കെ. ഉസ്മാൻ, എടവക പഞ്ചായത്ത് മുൻ പ്രസിഡന്റ് എച്ച്.പി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബിജോൾ ജില്ലാ പഞ്ചായത്ത് അംഗം ഇ.കെ. വിജയൻ ജോസ് മച്ചുകുഴി തുടങ്ങിയവരുടെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് നിവേദനം സമർപ്പിച്ചു.
ഈ പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള ചൈതന്യ പ്രോജക്ട് കണ്സൾട്ടൻസിയെ ചുമതലപ്പെടുത്തി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വിഷൻ 24 പദ്ധതിയിൽ 7,134 കോടി രൂപ വകയിരുത്തി പദ്ധതി ഉൾപ്പെടുത്തിയതായും ഈ റോഡ് പദ്ധതി കേന്ദ്ര ഗവണ്മെന്റിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നും രാഹുൽഗാന്ധി എംപിയുടെ ചോദ്യത്തിന് മറുപടിയായി ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ലോകസഭയിൽ പറയുകയുണ്ടായി.
അലൈൻമെന്റ് തയാറാക്കാൻ ഏജൻസിയെ ഏൽപ്പിച്ചു എങ്കിലും അത് പിന്നീട് നിലയ്ക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഡിപിആർ തയാറാക്കൽ, അലൈൻമെന്റ് തയാറാക്കൽ തുടങ്ങിയ പദ്ധതികൾ ദുരിതപ്പെടുത്തുവാൻ സംസ്ഥാന ഗവണ്മെന്റ് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തയാറാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എംഎൽഎമാർക്കും എംപിമാർക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിസംബർ 10ന് മുന്പ് നിവേദനം നൽകുമെന്ന് ദേശീയപാത വികസന സമിതി ചെയർമാൻ കെ.എ. ആന്റണി കോഓർഡിനേറ്റർ കെ. ഉസ്മാൻ തുടങ്ങിയവർ അറിയിച്ചു.