ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളും: രണ്ട് കോടിയുടെ സ്വയം തൊഴിൽ വ്യക്തിഗത വായ്പ വിതരണം ചെയ്തു
1482177
Tuesday, November 26, 2024 5:53 AM IST
കൽപ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് സംസ്ഥാന വനിതാ വികസന കോർപറേഷൻ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പ വിതരണോദ്ഘാടനം സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണ് കെ.സി. റോസക്കുട്ടി നിർവഹിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ വായ്പ കോർപറേഷൻ എഴുതി തള്ളിയതായി കോർപറേഷൻ ചെയർപേഴ്സണ് അറിയിച്ചു. 32 കുടുംബശ്രീ ഗ്രൂപ്പുകളിലെ 340 അംഗങ്ങൾക്കായി 2,15,80,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. 50 പേർക്ക് രണ്ട് കോടി രൂപയുടെ സ്വയം തൊഴിൽ വ്യക്തിഗത വായ്പയും വിതരണം ചെയ്തു. വായ്പാ തുക ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കുക.
മൂപ്പൈനാട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, കോർപറേഷൻ മേഖലാ മാനേജർ കെ. ഫൈസൽ മുനീർ, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. നാസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, വാർഡ് അംഗം ജോബിഷ് കുര്യൻ, സിഡിഎസ് ചെയർപേഴ്സണ് ബിനി പ്രഭാകരൻ, സിഡിഎസ് വൈസ് ചെയർപേഴ്സണ് സഫിയ ഫൈസൽ, വനിതാ വികസന കോർപറേഷൻ ജില്ലാ കോഓർഡിനേറ്റർ കെ.ആർ. അഖില എന്നിവർ പ്രസംഗിച്ചു.