നായ്ക്കട്ടിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം; മൂന്ന് പവനും ഇരുപതിനായിരം രൂപയും നഷ്ടമായി
1482179
Tuesday, November 26, 2024 5:53 AM IST
സുൽത്താൻ ബത്തേരി: നായ്ക്കട്ടിയിൽ വീടുകൾ കുത്തി തുറന്ന് മോഷണം. ആളില്ലാത്ത വീട്ടിൽ നിന്ന് മൂന്ന് പവൻ സ്വർണവും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു. നാല് വീടുകളുടെ വാതിൽ കുത്തിതുറന്ന് മോഷണ ശ്രമവും നടന്നു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായ്ക്കട്ടി നെടുംകണ്ടംപുറായിൽ ഉസ്മാൻ, കൊടുന്നോട്ടിൽ കെ.പി. അബു, ആലുംകണ്ടിയിൽ അബൂബക്കർ, എളവന നാസർ, ആയിഷ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
ഇതിൽ ഉസ്മാന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്. കഴിഞ്ഞ ബുധനാഴ്ച കുടുംബവുമായി ഏർവാടിയിൽ പോയതായിരുന്നു ഉസ്മാൻ. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. കിടപ്പുമുറികളുടെ വാതിൽ തുറന്നു കിടക്കുന്ന നിലയിലാരുന്നു. ഇവിടെയുണ്ടായിരുന്ന മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. അബുവിന്റെ വീട്ടിൽ പുലർച്ചെ മൂന്നോടെയാണ് മോഷ്ടാക്കൾ എത്തിയത്. കല്ലൂർ നാഗരംചാൽ, തോട്ടാമൂല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വിവിധ വീടുകളിൽ മോഷണം നടന്നിരുന്നു.
ഈ വിവരം കൂട്ടുകാരി അബുവിന്റെ മകളോട് വിളിച്ചു പറഞ്ഞിരുന്നു. മോഷ്ടാവ് എത്തിയതറിഞ്ഞ കുടുംബം ഉറക്കം ഉണർന്ന് അയൽ വാസികളെ വിളിച്ചറിയിച്ചപ്പോഴേക്കും കള്ളൻ കടന്നു കളഞ്ഞു.
കള്ളൻ രണ്ട് വീടുകളിൽ കയറിയതോടെ മോഷ്ടാക്കളിറങ്ങിയ വിവരം നായ്ക്കട്ടി ജുമാ മസ്ജിദിൽ നിന്ന് മൈക്കിലൂടെ ജനങ്ങളെ വിളിച്ചറിയിച്ചു. ഇതോടെ കള്ളനെ പിടികൂടുന്നതിനായി ജനങ്ങൾ തെരച്ചിൽ ആരംഭിച്ചു. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ തെരച്ചിൽ നടത്തിയിരുന്നവർ പിടികൂടി പോലിസിലേൽപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇവർക്ക് മോഷണവുമായി ബന്ധമില്ലെന്ന് കണ്ടതോടെ വിട്ടയച്ചു.
എളവന നാസറിന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. സംഭവത്തെ തുടർന്ന് ബത്തേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. റോഡിൽ നിന്ന് ടോർച്ചടിച്ച് പരിസരങ്ങൾ നിരീക്ഷിക്കുന്നതാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നായ്ക്കട്ടി സമീപ ദേശങ്ങളിൽ മോഷ്ടാക്കളുടെ ശല്യം തുടർക്കഥയായതോടെ ആളുകൾ ഭീതിയിലാണ്. പോലീസിന്റെയും വനം മേഖലയായതിനാൽ വനം വകുപ്പിന്റെയും രാത്രികാല പട്രോളിംഗ് ശക്തമാക്കി മോഷ്ടാക്കളെ പിടികൂടി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.