പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല; എൽഡിഎഫ് ക്യാന്പിൽ നിരാശ
1481771
Sunday, November 24, 2024 7:27 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് ക്യാന്പിൽ നിരാശ. പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതിലുള്ള ഖിന്നതയിലാണ് മണ്ഡലത്തിലെ സിപിഎം-സിപിഐ നേതാക്കളും പ്രവർത്തകരും. 2024 പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ആനി രാജ 2,83,023 വോട്ട്(26.09 ശതമാനം)നേടിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ സിപിഐയിലെ സത്യൻ മൊകേരിക്ക് 2,11,407 വോട്ടാണ്(22.08 ശതമാനം)നേടാനായത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാംതവണയാണ് സത്യൻ മൊകേരി ജനവിധി തേടിയത്. 2014 തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിനെ നേരിട്ട അദ്ദേഹം 20,870 വോട്ടിനാണ് തോറ്റത്. മണ്ഡലത്തിൽ എൽഡിഎഫിനുള്ള വേരോട്ടത്തിന് അടിവരയിടണമെന്ന ലക്ഷ്യത്തോടെയാണ് ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവായ സത്യൻ മൊകേരിയെ സിപിഐ സ്ഥാനാർഥിയാക്കിയത്. ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം 2014ലേതിനു സമാനമാണെന്ന് സത്യൻ മൊകേരിയും എൽഡിഎഫ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. പ്രിയങ്ക ഗാന്ധിക്ക് വന്പൻ ഭൂരിപക്ഷം എന്ന യുഡിഎഫ് സ്വപ്നം വിലപ്പോകില്ലെന്നു തുറന്നടിക്കാനും ചിലർ മടിച്ചില്ല.
മണ്ഡലത്തിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ അതെല്ലാം അസ്ഥാനത്തായി. മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ ഒന്നിൽ പോലും മെച്ചപ്പട്ട പ്രകടനം എൽഡിഎഫിനു പുറത്തെടുക്കാനായില്ല.