തൊഴിലാളി-കർഷക സംയുക്ത സമര സമിതി നാളെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തും
1481989
Monday, November 25, 2024 6:25 AM IST
കൽപ്പറ്റ: ജില്ലാ തൊഴിലാളി-കർഷക സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തും.
കുത്തകവത്കരണം അവസാനിപ്പിക്കുക, ജീവനോപാധികൾ സംരക്ഷിക്കുക, തൊഴിലാളികളുടെ മിനിമം വേതനം 26,000 ഉം പെൻഷൻ 10,000 ഉം രൂപയായി ഉയർത്തുക, തൊഴിൽ മേഖലയിലെ കരാർവത്കരണം നിർത്തലാക്കുക അഗ്നിപഥ് പിൻവലിക്കുക, ഉത്പാദനച്ചലവിന്റെ ഒന്നര ഇരട്ടി അടിസ്ഥാനപ്പെടുത്തി ഉത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, നാല് ലേബർ കോഡുകളും 2022ലെ ഇലക്ട്രിസിറ്റി ഭേദഗതി ബില്ലും പിൻവലിക്കുക, വിലക്കയറ്റം തടയുക, അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും ജിഎസ്ടി പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് ഡ്യൂട്ടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമര സമിതി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ചും ധർണയും.
മാർച്ച് രാവിലെ 10ന് വിജയ പന്പ് പരിസരത്ത് ആരംഭിക്കും. ധർണ ബികെഎംയു സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കണമെന്ന് സംയുക്ത സമരസമിതി നേതാക്കളായ, സുരേഷ് താളൂർ, വി.വി. ബേബി, പി.കെ. സുരേഷ്, പി. പി. ആലി, സി.എസ്. സ്റ്റാൻലിൻ, അബൂ ഗൂഡലായി, എൻ.ഒ ദേവസി, കെ.എം. ബാബു, വി.വി. ആന്റണി എന്നിവർ അഭ്യർഥിച്ചു.