കിടപ്പാടം-ഭൂ അവകാശ കൂട്ടായ്മ പഞ്ചായത്തുകളിൽ യോഗം വിളിക്കും
1481348
Saturday, November 23, 2024 5:38 AM IST
തലപ്പുഴ: ഭൂമി വിലയ്ക്കുവാങ്ങി കൈവശം വയ്ക്കുന്നവരെ കൈയറ്റക്കാരെന്ന് മുദ്രകുത്തി നോട്ടീസ് അയച്ച് ഭീതി സൃഷ്ടിക്കുന്ന വഖഫ് ബോർഡ് നടപടി പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുനിസിപ്പൽ-പഞ്ചായത്ത് ആസ്ഥാനങ്ങളിൽ കിടപ്പാടം-ഭൂ അവകാശ കൂട്ടായ്മ യോഗം വിളിക്കും. അനുഗ്രഹ ഓഡിറ്റോറിയത്തിൽ ചേർന്ന കൂട്ടായ്മ കണ്വൻഷനിലാണ് ഇക്കാര്യത്തിൽ തീരുമാനം.
ഒരായുസിന്റെ അധ്വാനംകൊണ്ട് നേടിയ ഭൂമിയിൽനിന്നു ഇറക്കിവിടാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായി എതിർക്കുമെന്ന് കണ്വൻഷൻ പ്രഖ്യാപിച്ചു. ഭൂമിയുടെ അടിസ്ഥാനരേഖ റവന്യു പട്ടയമാണെന്ന് സുപ്രീം കോടതി വ്യക്തക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ച് അനുവദിച്ച പട്ടയത്തിൽ പറയുന്ന സ്വത്ത് സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. സാധാരണക്കാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്ന സമീപനം വഖഫ് ബോർഡ് തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
പുറന്പോക്കുകളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിന് ടിഎൽബി കേസുകൾ ഉടൻ തീർപ്പാക്കുക, വനാവകാശ നിയമപ്രകാരം രേഖ നൽകിയ ഗോദാവരി-കോട്ടക്കുന്ന് മേഖലകളിൽ സാമൂഹികാവകാശം അംഗീകരിക്കുക, തലപ്പുഴ 10-ാം നന്പറിലെ 116 കുടുംബങ്ങൾക്ക് കൈവശരേഖ നൽകുക, മക്കിമല, പുതിയിടം പ്രദേശങ്ങളിൽ ഭൂമി ക്രയവിക്രയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മക്കിമല, പുതിയിടം ഭൂപ്രശ്നത്തിൽ റവന്യു വകുപ്പ് ഉദാസീനത തുടർന്നാൽ പുതുവർഷത്തിൽ ആർഡിഒ ഓഫീസ് പിക്കറ്റ് ചെയ്യാനും ഭൂഹിത ആദിവാസി കുടുംബങ്ങൾക്ക് അവകാശപ്പെട്ട ഭൂമി കേന്ദ്ര സർക്കാർ ഉത്തരവുകളും സുപ്രീം കോടതി വിധിയും ലംഘിച്ച് വിതരണം ചെയ്യാത്ത വനം വകുപ്പിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് വി.പി. എൽദോ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്തംഗം പി.എസ്. മുരുകേശൻ അധ്യക്ഷത വഹിച്ചു. പിയുസിഎൽ നേതാവ് അഡ്വ.പി.എ. പൗരൻ, പി.ടി. ജോണ്, ഉമ്മർ ദാരിമി തലപ്പുഴ, മരിയനാട് ബീന, എം.കെ. രാംദാസ്, സണ്ണി പടിഞ്ഞാറത്തറ, കെ.സി. ജേക്കബ്, ഇ.കെ. ബാലകൃഷ്ണൻ, കെ.വി. ബാലൻ, മുരളി കൃഷ്ണൻ, ഹംസ തയ്യിൽ എന്നിവർ പ്രസംഗിച്ചു. എം.ടി. ഷെയ്ഖ് ബാവ സ്വാഗതവും ഭാസൻ ഗോദാവരി നന്ദിയും പറഞ്ഞു.