പട്ടികജാതി വിദ്യാർഥികളുടെ ഉന്നത പഠനം: 60 കോടി അനുവദിച്ചു
1481175
Friday, November 22, 2024 7:08 AM IST
കൽപ്പറ്റ: ഉന്നത പഠനത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് സഹായം നൽകാൻ 60 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. ഈ തുക വിതരണം ചെയ്യുന്നതോടെ 2023-24 അധ്യയനവർഷം അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും പഠന സഹായം ലഭിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
പട്ടികവർഗക്കാരായ എല്ലാ വിദ്യാർഥികളുടെയും പഠന സഹായം പൂർണമായും നൽകിയതായി മന്ത്രി പറഞ്ഞു. 2023-24 അധ്യയന വർഷം ഈ ഗ്രാന്റ്സ് പോർട്ടലിലൂടെ സാധുവായ അപേക്ഷ നൽകിയവർക്കെല്ലാം അക്കൗണ്ടിലേക്ക് പണം കൈമാറി.പട്ടികജാതിക്കാരായ 1,34,782 വിദ്യാർഥികളാണ് ഉന്നത പഠന സഹായത്തിന് അപേക്ഷിച്ചത്.
2024-25 അധ്യയനവർഷത്തെ ഉന്നത പഠന സഹായത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഫെബ്രുവരി 28 വരെ ഇ ഗ്രാന്റ്സ് പോർട്ടലിലൂടെ അപേക്ഷിക്കാം. പട്ടികവർഗ വിഭാഗത്തിൽ 14,681 വിദ്യാർഥികൾക്കാണ് 2023-24 അധ്യയന വർഷം ഉന്നത പഠന സഹായം നൽകിയത്. പബ്ലിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് തുക കൈമാറുന്നത്. ശരാശരി 12 ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് ഓരോ വർഷവും ഉന്നത പഠന സഹായം നൽകുന്നത്.