പ്രിയങ്കയുടെ ഉജ്വല വിജയത്തിനു സഹായകമായത് ചിട്ടയോടെ നടത്തിയ പ്രചാരണം: കെ.എൽ. പൗലോസ്
1481984
Monday, November 25, 2024 6:25 AM IST
കൽപ്പറ്റ: വയനാട് മണ്ഡലം ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തിനു സാഹായകമായത് ചിട്ടയോടെ നടത്തിയ പ്രചാരണമെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്.
പൊതുതെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചപ്പോൾത്തന്നെ എഐസിസി പ്രഖ്യാപിച്ചതാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം. ഇതിനു പിന്നാലെ ബത്തേരിയിൽ നടന്ന കെപിസിസി നേതൃയോഗം പ്രാഥമിക തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുകയുമുണ്ടായി.പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എന്ന ലക്ഷ്യവുമായാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും പ്രചാരണരംഗത്ത് സജീവമായത്.
പ്രചാരണത്തിനു ചുക്കാൻ പിടിക്കാൻ ഏഴ് നിയോജകമണ്ഡലങ്ങളിലും കോണ്ഗ്രസ് നേതൃത്വം എംപി-എംഎൽഎമാർക്ക് ചുമതല നൽകിയിരുന്നു. ഇവർ ആഴ്ചകളോളമാണ് മണ്ഡലത്തിൽ ക്യാന്പ് ചെയ്തത്. യുഡിഎഫ് പ്രവർത്തകർ രണ്ടും മൂന്നും തവണയാണ് വീടുകൾ കയറി വോട്ട് ഉറപ്പിച്ചത്.
ഇതിനു പുറമേ കുടുംബ സംഗമങ്ങളും നടന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രിയങ്കയും സഹോദരൻ രാഹുലും വോട്ടർമാരുടെ ഹൃദയത്തെ സ്പർശിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. വയനാട്ടുകാരെ കുടുംബാംഗങ്ങളെന്നാണ് ഇവർ വിശേഷിപ്പിച്ചത്.
പ്രതിസന്ധി ഘട്ടത്തിൽ വയനാട്ടുകാർ ഒപ്പം നിന്നു എന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് പറഞ്ഞത് വോട്ടർമാരെ സ്വാധീനിച്ചു. ദേശീയ രാഷ്ടീയ വിഷയങ്ങൾക്കും കേന്ദ്ര ഭരണത്തിന് എതിരായ വിമർശനങ്ങൾക്കും അമിത പ്രാധാന്യം നൽകാതെയാണ് രാഹുലും പ്രിയങ്കയും വോട്ടർമാരുമായി സംവദിച്ചത്. അതേസമയം പ്രദേശിക വികസന വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയുമുണ്ടായി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗിൽ എട്ട് ശതമാനത്തോളം കുറവ് ഉണ്ടായത് യുഡിഎഫ് നേതാക്കളെ ആശങ്കപ്പെടുത്തിയിരുന്നില്ല.
എൽഎഡിഎഫും എൻഡിഎയും അവർക്ക് ഉറപ്പില്ലാത്ത അനുഭാവി വോട്ടുകൾ രേഖപ്പെടുത്തുന്നതു നിരുത്സാഹപ്പെടുത്തിയതാണ് പോളിംഗ് ശതമാനം കുറയുന്നതിന് കാരണമായത്. ഈ വോട്ടുകളും പോൾ ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ഭൂരിപക്ഷം അഞ്ചു ലക്ഷം കവിയുമായിരുന്നുവെന്നുവെന്നും പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റുമായിരുന്ന പൗലോസ് പറഞ്ഞു.