ജില്ല സ്കൂൾ കലോത്സവം ഇന്ന് മുതൽ
1482173
Tuesday, November 26, 2024 5:53 AM IST
കൽപ്പറ്റ: 43-ാമത് റവന്യു ജില്ല സ്കൂൾ കലോത്സവം ഇന്ന് മുതൽ നാല് ദിവസം നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഒന്‍പത് വേദികളിലായാണ് മത്സരം.
മൂവായിരത്തോളം പ്രതിഭകൾ 240 ഇനങ്ങളിൽ മാറ്റുരക്കുന്ന കലോത്സവത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, എസ്എച്ച്എസ്എസ് പ്രിൻസിപ്പൽ ആന്റോ വി. തോമസ്, പബ്ലിസിറ്റി കണ്‍വീനർ നിസാർ കന്പ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രചനാ മത്സരങ്ങളും നാളെ മുതൽ
സ്റ്റേജിനങ്ങളും നടക്കും. ഹയർ സെക്കൻഡറി, എൽപി സ്കൂൾ, കെ.ജെ. ഓഡിറ്റോറിയം, കോഓപറേറ്റീവ് കോളജ് എന്നീ സ്ഥാപനങ്ങളിൽ സൂര്യകാന്തി, ജ്വാലാമുഖി, സ്വർണച്ചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം, ചക്കരപ്പന്തൽ, ചന്ദ്രകളഭം എന്നീ പേരുകളിലാണ് വേദികൾ.
കൗമാരമേളയുടെ തത്സമയ സംപ്രേഷണത്തിനും സംവിധാനമൊരുങ്ങി. പനമരം സ്വദേശി കെ.സി. സുഫിയാൻ രൂപകൽപന ചെയ്തതാണ് ലോഗോ. റോയ്സണ്‍ പിലാക്കാവ് രചിച്ച സ്വാഗതഗാനത്തിന് ഈണം നൽകിയത് കെ.ജി. ജോഷി ആണ്. 43 വിദ്യാർഥികൾ ചേർന്ന് സ്വാഗതഗാനം ആലപിക്കും. ദിവസേന 4500 പേർക്ക് മൂന്ന് നേരങ്ങളിലായി ഭക്ഷണം ലഭ്യമാക്കും. വിജയികൾക്ക് വ്യക്തിഗത ട്രോഫികളും തയാറാക്കിയിട്ടുണ്ട്.
നാളെ വൈകുന്നേരം 3.30ന് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. വി.ടി. മുരളി, മാനന്തവാടി രൂപത കോർപറേറ്റ് സ്കൂൾ മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സംബന്ധിക്കും. 29ന് വൈകുന്നേരം നാലിന് സമാപന സമ്മേളനത്തിൽ പട്ടികജാതി പട്ടികവർഗ മന്ത്രി ഒ.ആർ. കേളു, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ പങ്കെടുക്കും.