ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രതിസന്ധി: ജീവനക്കാർക്ക് 10,000 രൂപ വീതം നൽകണമെന്ന് നിവേദനം
1452443
Wednesday, September 11, 2024 4:37 AM IST
കൽപ്പറ്റ: ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതുമൂലം തൊഴിൽ രഹിതരായ താത്കാലിക ജീവനക്കാർക്ക് മാസം 10,000 രൂപ വീതം വനം വകുപ്പ് നൽകുന്നതിനു നടപടി ആവശ്യപ്പെട്ട് വയനാട് ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയൻ(സിഐടിയു) മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാർ, ജില്ലാ കളക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ എന്നിവർക്ക് നിവേദനം നൽകി.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലായ സാഹ്യചര്യത്തിലാണ് നിവേദനം നൽകിയതെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ്, എം. സെയ്ത്, ജനറൽ സെക്രട്ടറി വി.വി. ബേബി, ജില്ലാ കമ്മിറ്റിയംഗം പി. വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൂചിപ്പാറ, ചെന്പ്ര പീക്ക്, കുറുവ ദ്വീപ്, മീൻമുട്ടി, തോൽപ്പെട്ടി, മുത്തങ്ങ, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഫെബ്രുവരി 17 മുതൽ അടച്ചിട്ടിരിക്കയാണ്.
കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നു പുൽപ്പള്ളിയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ വനം വകുപ്പിനു കീഴിലുള്ള മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്നതു വിലക്കി പിന്നീട് കോടതി ഉത്തരവും ഉണ്ടായി.
ജില്ലയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലായി 400 ഓളം താത്കാലിക ജീവനക്കാരാണ് ഉള്ളത്. അതത് പ്രദേശങ്ങളിലെ വന സംരക്ഷണ സമിതി അംഗങ്ങളുമാണ് ഇവർ. ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനരഹിതമായതോടെ താത്കാലിക ജീവനക്കാർക്ക് തൊഴിലും വരുമാനവും ഇല്ലാതായി. വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പണം ഇല്ലാതെ വിഷമിക്കുകയാണ് ഓരോ താത്കാലിക ജീവനക്കാരനും.
തുറന്നുപ്രവർത്തിച്ചിരുന്നപ്പോൾ ഓരോ ഇക്കോ ടൂറിസം കേന്ദ്രത്തിലും ദിവസം രണ്ട് ലക്ഷം രൂപ മുതൽ നാലു ലക്ഷം രൂപ വരെ വരുമാനം ഉണ്ടായിരുന്നു. ഈ തുകയിൽനിന്നു താത്കാലിക ജീവനക്കാരുടെ വേതനം ഒഴികെയുള്ളത് വനം വകുപ്പിന്റെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽനിന്നു ലഭിച്ച കോടിക്കണക്കിനു രൂപ വനം വകുപ്പിന്റെ അക്കൗണ്ടിലുണ്ട്. എന്നിരിക്കേ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതുവരെ മാസം 10,000 രൂപ വീതം താത്കാലിക ജീവനക്കാർക്ക് നൽകാൻ വനം വകുപ്പിന് കഴിയും.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിലെ 44 ദിവസ വേതനക്കാർക്ക് വനം വകുപ്പ് 10,000 രൂപ വീതം താത്കാലിക സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ സഹായം ടൂറിസം കേന്ദ്രം പ്രവർത്തനസജ്ജമാകുന്നതുവരെ തുടരണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.