തീരദേശ മേഖലയുടെ വികസനത്തിന് ചെലവിട്ടത് 780 കോടി
1546748
Wednesday, April 30, 2025 5:25 AM IST
കോഴിക്കോട്: ജില്ലയിലെ തീരദേശ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. ഒമ്പത് വര്‍ഷത്തിനിടെ ഹാര്‍ബര്‍ എൻജിനീയറിംഗ് വകുപ്പ് മുഖേന 780 കോടിയിലധികം രൂപയുടെ പ്രവൃത്തികള്‍ യാഥാര്‍ഥ്യമായി.
മത്സ്യബന്ധന തുറമുഖം, ഹാര്‍ബര്‍ നവീകരണം, ഡ്രെഡ്ജിംഗ്, പുലിമുട്ട്, ദുരന്തനിവാരണ ഷെല്‍ട്ടര്‍, ബെര്‍ത്തിംഗ് ജട്ടി നിര്‍മാണങ്ങള്‍, തീരദേശ സൗന്ദര്യവത്കരണം, ഹാച്ചറി യൂണിറ്റ്, ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, തീരദേശ റോഡുകള്‍ തുടങ്ങിയവയുള്‍പ്പടെ വിവിധ വികസന പദ്ധതികള്‍ക്കാണ് തുക വിനിയോഗിച്ചത്. സംസ്ഥാന സര്‍ക്കാറിന് പുറമെ കേന്ദ്രസര്‍ക്കാറിന്റെയും നബാര്‍ഡ് ഉള്‍പ്പടെയുള്ള ഏജന്‍സികളുടെയും ഫണ്ടും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കി.
വടകര ചോമ്പാല്‍ ഹാര്‍ബര്‍ മുതല്‍ ബേപ്പൂര്‍ ഹാര്‍ബര്‍ വരെയുള്ള തീരദേശ മേഖലയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം, കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നവീകരണം, പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ നവീകരണം, വെള്ളയില്‍ മത്സ്യബന്ധന തുറമുഖം, കല്ലാനോട് ഹാച്ചറി രണ്ടാംഘട്ട വികസനം,
ചോമ്പാല്‍ മത്സ്യബന്ധന തുറമുഖം, മുഖദാര്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, ബേപ്പൂര്‍, കൊയിലാണ്ടി ഡ്രെഡ്ജിംഗ്, 697 തീരദേശ റോഡുകള്‍, സൗത്ത് ബീച്ച് നവീകരണം തുടങ്ങിയവക്കെല്ലാം ഫണ്ട് ചെലവിട്ടു. ഹാര്‍ബര്‍ എൻജിനീയറിംഗ് വകുപ്പിന് പുറമെ ഫിഷറീസ് വകുപ്പും തീരദേശ മേഖലയില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.