" അഴിമതി നടത്താനുള്ള ഏജൻസിയായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി'
1546241
Monday, April 28, 2025 5:20 AM IST
കൊയിലാണ്ടി: പിണറായി സർക്കാരിന് അഴിമതി നടത്താനുള്ള ഏജൻസിയായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാറിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം അനേകം കോടികളുടെ പ്രവൃത്തികളാണ് ഊരാളുങ്കലിന് നൽകിയിട്ടുള്ളത്. റോഡ് പണി തുടങ്ങി, നിയമസഭയിൽ കാമറയും മൈക്കും സ്ഥാപിക്കുന്നതെല്ലാം ഊരാളുങ്കലാണ്. സർക്കാരിന്റെ വാർഷിക ആഘോഷവും ഊരാളുങ്കൽ വഴി. പിണറായി സർക്കാർ എന്നാൽ ഊരാളുങ്കലായി മാറിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന് ഊരാളുങ്കലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനും ഊരാളുങ്കലുമായി വഴിവിട്ട ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.
മഹിള സാഹസ്കേരള യാത്രയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, സംസ്ഥാന ഭാരവാഹികളായ വി.കെ. മിനിമോൾ, ആർ. ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, രാധാ ഹരിദാസ്, പ്രേമ അനിൽ കുമാർ, ടി.സി. പ്രിയ, ഗീതാ സന്ധ്യാ കരണ്ടോട്, കെ. ബേബി, ഇ.പി. ശ്യാമള, വനജ, ആമിന മോൾ എന്നിവർ പ്രസംഗിച്ചു.