സമരം: ജില്ലയില്‍ അഞ്ചിടത്ത് റേഷന്‍ വിതരണം മുടങ്ങി
1546583
Tuesday, April 29, 2025 7:11 AM IST
കോഴിക്കോട്: ബേപ്പൂര്‍ എന്‍എഫ്എസ്എ ഗോഡൗണിലെ തൊഴിലാളി പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഗോഡൗണിലെ തൊഴില്‍ സമരം മൂലം റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്.
കോഴിക്കോട് സിആര്‍ ഒ സൗത്ത് മേഖലയില്‍ എല്ലാ പദ്ധതിയില്‍പ്പെട്ട കാര്‍ഡുകാര്‍ക്കുമുള്ള റേഷന്‍ വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ പല കടകളിലും സ്റ്റോക്കില്ല. സമരം മൂലം ബേപ്പൂര്‍, മാറാട്, ചക്കുംകടവ്, മുഖദാര്‍, സൗത്ത് ബീച്ച് പ്രദേശത്തെ മേഖലയിലെ റേഷന്‍ വിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
ഈ മാസത്തെ റേഷന്‍ വിതരണത്തിന് ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ. പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെള്ളയില്‍ ഗോഡൗണില്‍ നിന്നും സിആര്‍ഒ സൗത്ത് മേഖലയിലേക്കുള്ള റേഷന്‍ വിതരണം നടത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
അതേസമയം, സിറ്റി സൗത്ത് റേഷനിംഗ് ഓഫിസറുടെ പരിധിയിലെ 37 റേഷന്‍ കടകളിലാണു പൂര്‍ണമായും റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ എത്താതിരിക്കുന്നത്. 84 കടകളാണുള്ളത്. ഇതില്‍ 47 കടകളില്‍ ഭാഗികമായി സാധനങ്ങള്‍ എത്തിച്ചെന്നാണു സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്. തൊഴില്‍ത്തര്‍ക്കം സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫിസര്‍ ഇറക്കിയ ഉത്തരവുണ്ട്. ഇതു പ്രകാരം റേഷന്‍ വിതരണത്തിനു ഭക്ഷ്യസാധനങ്ങള്‍ കൊണ്ടു പോകാന്‍ നടപടിയില്ല. ഉത്തരവ് നടപ്പാക്കാന്‍ സംരക്ഷണം നല്കാന് പോലീസ് സഹായം ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും സംരക്ഷണം ലഭിച്ചില്ലെന്നും പരാതിയുണ്ട്.