സമാധാനശ്രമത്തിന് എത്തിയ അയല്‍വാസിയെ വെട്ടിപരിക്കേല്‍പ്പിച്ചു
1546580
Tuesday, April 29, 2025 7:11 AM IST
നാദാപുരം: കല്ലാച്ചിയില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 17കാരനായ വിദ്യാര്‍ഥിക്കെതിരേ നാദാപുരം പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കല്ലാച്ചി സ്വദേശി കണിയാങ്കണ്ടിയില്‍ മുത്തു എന്ന രജീഷി (40) നാണ് വെട്ടേറ്റത്.
ഞായറാഴ്ച്ച രാത്രിയാണ് സംഭവം. തലക്ക് ഗുരുതരമായി പരിക്കേറ്റ രജീഷ് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വിദ്യാര്‍ഥി വീട്ടില്‍ അക്രമ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതു പ്രകാരം സമാധാനശ്രമത്തിന് എത്തിയതായിരുന്നു അയല്‍വാസിയായ രജീഷ്.
വീട്ടില്‍ ബഹളം ഉണ്ടാക്കി റോഡിലേക്ക് ഇറങ്ങിപോയ വിദ്യാര്‍ഥിയെ തേടി നാട്ടുകാരും റോഡില്‍ ഇറങ്ങി. വീട്ടില്‍ നിന്ന് മീറ്ററുകള്‍ അകലെ റോഡില്‍ നില്‍ക്കുകയായിരുന്ന 1 വിദ്യാര്‍ത്ഥി കയ്യില്‍ കരുതിയ വാക്കത്തി ഉപയോഗിച്ച് അപ്രതീക്ഷിതമായി രജീഷിനെ അക്രമിക്കുകയായിരുന്നു. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രജീഷിനെ നാദാപുരം ഗവ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അക്രമം നടന്ന സ്ഥലത്തുനിന്ന് തിങ്കളാഴ്ച്ച രാവിലെ അക്രമത്തിന് ഉപയോഗിച്ച വാക്കത്തി പോലീസ് കണ്ടെത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. നാദാപുരം ഇന്‍സ്പെക്ടര്‍ ശ്യാം ജെ. നായര്‍, എസ്ഐ എം.പി. വിഷ്ണു എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.