മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപാതയ്ക്ക് എം.ജി.എസ് റോഡെന്ന് പേരിടണമെന്ന് ആവശ്യം
1546582
Tuesday, April 29, 2025 7:11 AM IST
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപാതയ്ക്ക്വേണ്ടി ജീവിതാവസാനം വരെ പ്രയത്നിച്ച പ്രശസ്ത ചരിത്രകാരന് ഡോ.എം.ജി.എസ് നാരായണനുള്ള ആദരമായി ഈ റോഡിന് എം.ജി.എസിന്റെ പേരിടണമെന്ന് ആവശ്യമുയരുന്നു.
2008- ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം 2012 ല്‍ പദ്ധതി തന്നെ നിലച്ചുപോകുമെന്ന സാഹചര്യത്തില്‍ എം.ജി.എസിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി ഒരു വ്യാഴവട്ടക്കാലം നടത്തിയ നിരന്തര ബഹുജന സമരങ്ങളുടെ ഫലമായാണ് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികളിലെത്തിയത്.ഫണ്ട് അനുവദിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കി അദ്ദേഹം അറസ്റ്റ്വരിക്കുകയും ചെയ്തിരുന്നു.
എം.ജി.എസ് മരണപ്പെടുന്നതിനുമുമ്പ് അവസാനമായി എഴുതിയ കത്തും ഈ പ്രധാന ആവശ്യമുന്നയിച്ച് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കാണെന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണ്.
എം.ജി.എസ്സിന്റെ ഈ ആഗ്രഹം പ്രാവര്‍ത്തികമാക്കുന്നതിന് ജനപ്രതിനിധികള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക നേതാക്കള്‍ എന്നിവരെ ബന്ധപ്പെടാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, അഡ്വ.എ.വിശ്വനാഥന്, അഡ്വ.എം.കെ അയ്യപ്പന്, പ്രദീപ് മാമ്പറ്റ, പി.എച്ച്. താഹ, കെ.പി.സലിം ബാബു തുടങ്ങിയവര്‍ സംസാരിച്ചു.