മലയോര ഹൈവേ കണക്ടിംഗ് റോഡ് ടെൻഡർ ചെയ്തു
1546236
Monday, April 28, 2025 5:20 AM IST
കൂടരഞ്ഞി: മലയോര ഹൈവേ കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിലെ ആനക്കല്ലുംപാറ-താഴെ കക്കാട് കണക്ടിംഗ് റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു. നേരത്തെ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായ അലൈൻമെന്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും കിഫ്ബി വ്യവസ്ഥകൾക്ക് വിധേയമാകാത്തതിനാൽ ഈ പ്രദേശം അലൈൻമെന്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
അനക്കലുംപാറ- അകമ്പുഴ വഴി റോഡ് യാഥാർഥ്യമാകുന്നതോടെ ദീർഘ നാളത്തെ പ്രദേശ വാസികളുടെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്. 2006 ൽ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ധനകാര്യ മന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്ക് സ്ഥലം സന്ദർശിച്ച് റോഡ് യാഥാർഥ്യമാക്കും എന്നറിയിച്ചിരുന്നു.
2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് ഗവൺമെന്റ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മലയോര ഹൈവേ നിർമിക്കാൻ തീരുമാനിച്ചപ്പോൾ ആനക്കല്ലുംപാറ -അകമ്പുഴ പ്രദേശവാസകളെ പരിഗണിച്ചുകൊണ്ട് റോഡ് അലൈൻമെന്റ് വലിയ പരിശ്രമത്തിന്റെ ഭാഗമായി ഈ പ്രദേശത്തുകൂടി കടന്നു പോകുന്നതിന് തീരുമാനിച്ചു.
എന്നാൽ ഹിൽ ഹൈവേ സ്റ്റാന്റേർഡ് അനുസരിച്ചു നിർമാണം പ്രസ്തുത സ്ഥലത്തു നിർമിക്കാൻ കഴിയാത്തതിനാൽ ആ ഭാഗം ഹിൽ ഹൈവേയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് നടന്ന നിരന്തരമായ ഇടപെടലിന്റെ ഭാഗമായി 26.5 കോടി രൂപ പ്രസ്തുത റോഡ് കണക്റ്റിംഗ് റോഡായി നവീകരിക്കാൻ അനുവദിച്ചു. ഇപ്പോൾ ടെൻഡർ ചെയ്തിരിക്കുകയാണ്. ആറ് മീറ്റർ വീതിയിലാണ് പ്രവൃത്തി നടക്കുക. രണ്ട് പാലങ്ങൾ ഉൾപ്പെടെ 7.2 കിലോമീറ്റർ ദൂരമാണ് പ്രവൃത്തി.