റേഷന്‍ മണ്ണെണ്ണ വിതരണം വീണ്ടും തുടങ്ങുന്നു : പ്രതിസന്ധികളേറെയെന്ന് റേഷന്‍ വ്യാപാരികള്‍
1546732
Wednesday, April 30, 2025 5:11 AM IST
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ആരംഭിക്കുമ്പോള്‍ പ്രതിസന്ധികളേറെയുണ്ടെന്ന് റിട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്.
എല്ലാ വര്‍ഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാകാര്‍ഡുകാര്‍ക്കും പ്രതിമാസം ഒരു ലിറ്റര്‍ വീതം നല്‍കിയിരുന്നത് നിര്‍ത്തലാക്കി. പകരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മൂന്ന് മാസത്തില്‍ അരലിറ്റര്‍ വീതമാണ് നല്‍കുക.
മണ്ണെണ്ണ വിതരണം നടത്തുന്നതിന്ന് നാല് മുതല്‍ അഞ്ച് വരെ മൊത്ത വിതരണക്കാര്‍ ഓരോ താലൂക്കുകളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു ജില്ലയില്‍ ഒന്നോ രണ്ടോ ഡിപ്പോകളായി ചുരുങ്ങിയിട്ടുണ്ട്. അതിനാല്‍ ഒരു ബാരല്‍ മണ്ണെണ്ണ അതായത് 200 ലിറ്റര്‍ മണ്ണെണ്ണയെടുക്കാന്‍ 50, 60 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സാഹര്യമാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ഇതിന് 600 രൂപയെങ്കിലും ചെലവ് വരും. ഒരു വര്‍ഷത്തിലധികമായി മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറയ്ക്കുന്ന ബാരല്‍ തുരുമ്പു പിടിച്ചു ഉപയോഗ്യമല്ലാതായത് കാരണം പുതിയത് വാങ്ങേണ്ടണ്ടതുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മൂന്ന് മാസത്തിലധികം മണ്ണെണ്ണ സ്റ്റോക്ക് വയ്ക്കുമ്പോള്‍ മറ്റു ഇന്ധനങ്ങള്‍ പോലെ ബാഷ്പ്പീകരണം ഉണ്ടാവുന്നു.
മൊത്തവ്യാപാരികള്‍ക്ക് അനുവദിക്കുന്നത് പോലെ റേഷന്‍ വ്യാപാരികള്‍ക്കും ലീക്കേജ് അനുവദിക്കണമെന്നും മണ്ണെണ്ണ സ്റ്റോക്കെടുക്കുന്നതിന്ന് ഭീമമായ തുക മുതല്‍മുടക്കുന്നത് കൊണ്ട് വ്യാപാരി പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായ ഏഴ് രൂപ കമ്മീഷന് നല്കി എല്ലാ കാര്‍ഡുകാര്‍ക്കും അര ലിറ്റര്‍ വീതം മണ്ണെണ്ണ വിതരണം ചെയ്യണമെന്നും ആള് കേരളാ റിട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണീ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു.