അന്താരാഷ്ട്ര ലഹരി വില്പനക്കാരനായ നൈജീരിയക്കാരന് അറസ്റ്റില്‍
1546733
Wednesday, April 30, 2025 5:11 AM IST
പിടിയിലായത് നോയിഡയില്‍ നിന്ന്
കോഴിക്കോട് : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന മൊത്ത വില്പനക്കാരനായ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ഡല്‍ഹി നോയിഡയില്‍ നിന്നാണ് നൈജീരിയക്കാരനായ ഫ്രാങ്ക് ചിക്കന്‍സി കച്ചുകാ (32) യെ കുന്ദമംഗലം പോലീസ് പിടികൂടിയത്.
ഗാല്‍ ഗോട്ടിയാസ് യൂണിവേഴ്സിറ്റിയില്‍ എംസിഎ വിദ്യാര്‍ഥിയായ ഇയാള്‍ ഫാര്‍മസിസ്റ്റ് കുടിയാണ്. നിരവധി സിം കാര്‍ഡുകളും എടിഎം കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 21ന് കുന്ദമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലാവുന്ന പത്താമത്തെ പ്രതിയാണ് ഇയാള്‍. നേരത്തെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ബംഗളൂരുവില്‍ കൊണ്ടുപോയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ താമസിച്ച ലോഡ്ജില്‍ പരിശോധന നടത്തിയതില്‍ അന്നേ ദിവസം ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതികളെ കുറിച്ച് പോലീസ് മനസിലാക്കുകയും അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തത്.
തുടര്‍ന്ന് കുന്ദമംഗലം പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതില്‍ നിന്നും വലിയ തുക ടാന്‍സാനിയന്‍ സ്വദേശികളുടെ അക്കൗണ്ട് വഴി നോയിഡയില്‍ വച്ചാണ് പിന്‍വലിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടാന്സാനിയക്കാര് പിടിയിലായിരുന്നു. അവരിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഇതിനിടെ, എംഡിഎംഎ വാങ്ങിക്കുന്നതിനാവശ്യമായ പണം അയച്ച് നല്കിയ മറ്റൊരു അക്കൗണ്ട് കൂടി കണ്ടെത്തി. ഇതോടെയാണ് നൈജീരിയന്‍ സ്വദേശിയിലേക്ക് എത്തിചേര്‍ന്നത്. പഠിക്കുന്ന കോളജില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്ന് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും പണം പിന്‍വലിക്കാനും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മൊത്തം നാല് മൊബൈല്‍ ഫോണുകളും 7 സിം കാര്‍ഡുകളും പിടിച്ചെടുത്തു.നിയമവിരുദ്ധമായി പണം കൈകാര്യം ചെയ്യാനുപയോഗിക്കുന്നതായി സംശയിക്കുന്ന ബാങ്കുകളുടെ രണ്ട് എടിഎം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.
നോയിഡയിലുള്ള വിവിധ എടിഎമ്മുകള്‍ വഴി പണം പിന്‍വലിച്ചതായും ഈ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ വന്നതായും കണ്ടെത്തിയിട്ടുണ്ട്. അതാത് ദിവസങ്ങളില്‍ തന്നെ എടിഎം വഴി പിന്‍വലിച്ചതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തിലള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.