നവീകരിച്ച ചീർപ്പ്പാലം -കിഴക്കുംപാടം -തോണിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു
1544157
Monday, April 21, 2025 5:26 AM IST
കോഴിക്കോട്: നവീകരണം പൂർത്തിയാക്കിയ ബേപ്പൂർ നിയോജക മണ്ഡലത്തിലെ ചീർപ്പ്പാലം -കിഴക്കുംപാടം -തോണിച്ചിറ റോഡ് (ശിവപുരി ഈസ്റ്റ് റോഡ്) മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
വീതി കുറവും മഴക്കാലത്തെ വെള്ളക്കെട്ടും കാരണം ഗതാഗതം ദുഷ്കരമായ റോഡാണ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് തുറന്നു നൽകിയത്. പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽനിന്ന് 1.6 കോടി രൂപ ചെലവിട്ടായിരുന്നു നവീകരണം. റോഡിന് ഇരുവശങ്ങളിലും ഓടകൾ നിർമ്മിച്ച് വീതികൂട്ടുകയും വശങ്ങൾ കോൺക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കുകയും ഇന്റർലോക്ക് പാകി സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.
ചടങ്ങിൽ കോർപറേഷൻ കൗൺസിലർ ഗിരിജ അധ്യക്ഷയായി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി. ഷിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ കൗൺസിലർ കെ. രാജീവ്, റസാഖ് പള്ളത്ത്, കാർത്തികേയൻ അന്നങ്ങാട്ട്, സതീഷ്കുമാർ നെല്ലിക്കോട്ട്, ടി. ഉണ്ണികൃഷ്ണൻ, പി. സൈനുദ്ദീൻ, കോഴിക്കോട് റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ ഹാഷിം, റോഡ് വികസന കമ്മിറ്റി സെക്രട്ടറി ശശിധരൻ മേക്കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.