ലൈംഗികാതിക്രമം കൂടുന്നു ; ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത് 123 പോക്സോ കേസുകൾ
1544492
Tuesday, April 22, 2025 7:24 AM IST
കോഴിക്കോട്: സുശക്തമായ നിയമങ്ങളുണ്ടായിട്ടും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം കൂടുന്നു. മൂന്നുമാസത്തിനിടെ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത് 123 പോക്സോ കേസുകൾ.
നഗരത്തിൽ 53ഉം റൂറലിൽ 70ഉം കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. റെയിൽവേ പോലീസ് പരിധിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കാണിത്. പോക്സോ കേസുകൾ കൂടിയ രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്. കൂടുതൽ തിരുവനന്തപുരത്താണ് - 174. സംസ്ഥാനത്താകെ 12,01 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ 4,594 പോക്സോ കേസുകളിൽ 460 എണ്ണവും ജില്ലയിലാണ്. മൊത്തം കേസിന്റെ 10 ശതമാനമാണിത്. 2020ൽ 255 കേസായിരുന്നു ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇത് 2021ൽ 287, 2022ൽ 451, 2023ൽ 421 എന്നിങ്ങനെ വർധിച്ചു. ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല ചിത്രങ്ങളെടുക്കൽ, അശ്ലീല ചിത്രങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഏഴ് വര്ഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.