വികസന വരകൾ; തദ്ദേശ സ്ഥാപനതലത്തില്‍ ചിത്രരചനാ മത്സരങ്ങള്‍
1544156
Monday, April 21, 2025 5:26 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ "വികസന വരകള്‍' എന്ന പേരില്‍ ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. 23 മുതല്‍ 27 വരെയാണ് ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും മത്സരം നടക്കുക. അഞ്ചാം ക്ലാസിന് മുകളിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍, ചിത്രകലാ അധ്യാപകര്‍, പ്രാദേശിക ചിത്രകാരന്മാർ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. നാട്ടിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചിത്രരചനയുടെ പ്രമേയം.
തദ്ദേശ സ്ഥാപന തലത്തില്‍ നടക്കുന്ന മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് "എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ വേദിയായ കോഴിക്കോട് ബീച്ചില്‍ വെച്ച് ‘വികസന വരകൾ’ ജില്ലാതല സമൂഹ ചിത്രരചനാ പരിപാടി സംഘടിപ്പിക്കും. വലിയ കാന്‍വാസില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ എന്റെ കേരളം എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് "വികസന വരകള്‍' സംഘടിപ്പിക്കുക.
ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക യോഗം ഓണ്‍ലൈനായി ചേര്‍ന്നു. തദ്ദേശ സ്ഥാപന തലത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ 22നകം എല്‍എസ്ജിഡി വകുപ്പിന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
തദ്ദേശ സ്ഥാപന തലത്തില്‍ ചിത്രരചനാ മത്സരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ബന്ധപ്പെട്ട ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ക്ക് (ബിആര്‍സി) നിര്‍ദ്ദേശം നല്‍കിയതായി എന്റെ കേരളം മേളയുടെ പ്രീ ഇവന്റുകളുടെ നോഡല്‍ ഓഫീസര്‍ കൂടിയായ എസ്എസ്കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ എ.കെ അബ്ദുല്‍ ഹക്കീം അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ബൈജു ജോസ്, അസിസ്റ്റന്റ് ഡയരക്ടര്‍ കെ.വി രവികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുൾ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.