ട്രെയിനുകൾക്ക് വേഗം കൂടും; പാത ബലപ്പെടുത്തൽ തുടങ്ങി
1544149
Monday, April 21, 2025 5:22 AM IST
ഫറോക്ക്: ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനു മുന്നോടിയായി റെയിൽപാത സുരക്ഷിതമാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ഭൂനിരപ്പിൽ നിന്നു പാത ഉയർന്ന നിലയിലുള്ള ഭാഗങ്ങളിൽ അരികു ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.പാതയോരത്ത് ആവശ്യമായ ഇടങ്ങളിലെല്ലാം മണ്ണിട്ട് വീതി കൂട്ടി ബലപ്പെടുത്തും.ഫറോക്ക് പഴയ പാലത്തിനു സമീപം റെയിലോരത്ത് 5 മീറ്ററോളം താഴ്ചയുണ്ട്.
ഇവിടെ മണ്ണിടിച്ചിൽ തടയുക ലക്ഷ്യമിട്ടുള്ള പണികൾ പുരോഗമിക്കുകയാണ്. ഫറോക്ക് റെയിൽവേ സ്റ്റേഷൻ വളപ്പിൽ രണ്ടാം പ്ലാറ്റ്ഫോം പരിസരത്തു നിന്നു മണ്ണ് എത്തിച്ചാണ് താഴ്ചയുള്ള ഭാഗങ്ങളിൽ കൊണ്ടിടുന്നത്.
നിലവിൽ 110 കിലോ മീറ്റർ വേഗത്തിലാണ് ഇതുവഴി ട്രെയിനുകൾ കടന്നു പോകുന്നത്. വേഗം 130 കിലോമീറ്ററാക്കി വർധിപ്പിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വീതിയില്ലാത്ത ഭാഗങ്ങൾ മണ്ണിട്ട് നിരപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഫറോക്ക് റെയിൽപാലം പരിസരം മുതൽ ചെറുവണ്ണൂർ കമാനപാലം പരിസരം വരെയാണ് റെയിൽപാത ബലപ്പെടുത്തുന്നത്