സൂപ്പർ സ്പെഷാലിറ്റി ഓപറേഷൻ തിയറ്ററുകൾ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും
1544150
Monday, April 21, 2025 5:22 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ പിഎംഎസ്എസ് ബ്ലോക്കിൽ ഇന്നുമുതല്‍ 14 സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ഓപറേഷൻ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുന്നു.
ഒരു കോടി 36 ലക്ഷം ചെലവ് വരുന്ന അമേരിക്കൻ നിർമിത ഹാർട്ട് ലെങ്ങ് മെഷീൻ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഒരെണ്ണം കൂടി ഉടൻലഭ്യമാകും. നിലവിൽ ഇവിടെയുണ്ടായിരുന്ന മെഷീൻ കാലപ്പഴക്കം വന്നതായിരുന്നു.
ശസ്ത്രക്രിയകൾ കാലതാമസംകൂടാതെ നടത്താനാകുമെന്നാണ് ഏറ്റവും പ്രധാനം. ആഴ്ചയിൽ രണ്ട് ദിവസമാണ് സൂപ്പർ സ്പെഷാലിറ്റിയിലെ ഒപി. ഒരുമാസം 1,500ലേറെ രോഗികൾ ഒപിയിലും അത്യാഹിത വിഭാഗത്തിലുമായി എത്തുന്നുണ്ട്. നിലവിൽ ഒരുമാസം അമ്പത്തഞ്ചോളം ബൈപാസ് സർജറികൾ നടത്തുന്നുണ്ട്. ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ചെയ്യുന്നത്.
രോഗികളുടെ ബാഹുല്യത്താൽ ശസ്ത്രക്രിയക്കായി സെപ്തംബർവരെ തീയതി നൽകിയിട്ടുണ്ട്. നിലവിൽ 13 ബെഡ് മാത്രമാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. മൂന്ന് ദിവസം തുടർച്ചയായി ശസ്ത്രക്രിയ നടത്തിയാൽ ഐസിയുവിൽ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പുതിയ തിയറ്ററിനൊപ്പം 20 ബെഡ് വീതമുള്ള ഐസിയുവും രണ്ട് വാർഡുകളും തുറന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.
കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനവും ആധുനിക രീതിയിലുള്ള ബെഡുകളും എംആർഐ ഉൾപ്പെടെ മറ്റ് ചികിത്സാ സംവിധാനങ്ങളും രോഗികൾക്ക് ഏറെ ആശ്വാസമാകും. സ്റ്റാഫ് നഴ്സ്, ശുചീകരണ ജീവനക്കാർ ഉൾപ്പെടെ 150 പേരെ ലഭ്യമാക്കും.