മതസാഹോദര്യം നിലനിർത്താൻ കൂട്ടായഇടപെടലുകൾ വേണം: മന്ത്രി
1544153
Monday, April 21, 2025 5:22 AM IST
കോഴിക്കോട്: മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. തീർത്ഥാടന ടൂറിസം വികസനത്തിന്റെ ഭാഗമായി പള്ളിത്തറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു മതവും മനുഷ്യരെ തമ്മിൽ അകറ്റുകയോ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നോ ഇല്ല. മനുഷ്യരായി നിലകൊള്ളാനും അപരന് കൈത്താങ്ങാവാനുമാണ് മതങ്ങൾ താത്പര്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഇത്തരം കേന്ദ്രങ്ങളുടെ ചരിത്രപരമായ പ്രാധാന്യം ഉയർത്തിക്കാണിക്കാനാണ് തീർത്ഥാടന ടൂറിസം പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡിന് ശേഷം തീർത്ഥാടന ടൂറിസം മേഖലയിൽ ഉൾപ്പെടെ വലിയ സാധ്യതകളുണ്ടായി. അത് പ്രയോജനപ്പെടുത്തി കൂടുതൽ ചരിത്രാന്വേഷികളെയും വിദേശത്ത് നിന്നുൾപ്പെടെയുള്ള സഞ്ചാരികളെയും ആകർഷിക്കാനും നാടിന്റെ പൊതുവായ വികസനത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ ഇതിനകം വടകര ലോകനാർകാവ്, മാലിക് ബിൻ ദീനാർ മസ്ജിദ്, നല്ലൂർ ശിവക്ഷേത്രം, തളി ക്ഷേത്രം, പുതിയമ്പലം ശ്രീ കണ്ഠേശ്വര ക്ഷേത്രം, സിഎസ്ഐ ചർച്ച്, കുറ്റിച്ചിറ മിഷ്കാൽ പള്ളി, പട്ടാള പള്ളി തുടങ്ങിയവ തീർത്ഥാടന പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി.
ഇത്തരം വികസന പ്രവൃത്തികൾ പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വഴിവെക്കും. അവയുടെ പവിത്രതയും പ്രൗഢിയും സംരക്ഷിക്കാൻ കൂട്ടായി സാധിക്കണം. പഴമയുടെ തനിമ ചോരാതെയുള്ള വികസന പ്രവൃത്തികൾക്കാണ് ഇത്തരം കേന്ദ്രങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
99.50 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വിശാലമായ ഗ്രീൻ റൂം സൗകര്യത്തോട് കൂടിയ ഓപ്പൺ സ്റ്റേജ്, ആകർഷകമായ ഗേറ്റ് വേ, ചുറ്റുമതിൽ, സ്റ്റോൺ പേവിങ് എന്നിവയാണ് ഒരുക്കിയത്. ചടങ്ങിൽ ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. ദീപിക, കെ. വിനോദ് കുമാർ, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ,
ഡിടിപിസി സെക്രട്ടറി ടി. നിഖിൽദാസ്, ടി. രാധാഗോപി, വാളക്കട ബാബു, അഡ്വ. കെ.എം ഹനീഫ, വി. മോഹനൻ, പി. മുരളീധരൻ, കെ.ടി മുരളീധരൻ, എം.എം മുസ്തഫ, അസ്ലം പുളിയാളി, ബഷീർ പാണ്ടികശാല, ബാസിദ് ചേലകോട്ട്, കെ. ബീരാൻകുട്ടി, കെ. സുബ്രഹ്മണ്യൻ, വിനോദ് കുമാർ പറന്നാട്ടിൽ, വിനോദ സഞ്ചാര വകുപ്പ് മേഖല ജോയന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബാലകൃഷ്ണൻ ഓർക്കുഴി തുടങ്ങിയവർ സംസാരിച്ചു.
നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ യുഎൽസിസിയുടെ ടി.പി രാധാകൃഷ്ണൻ, പി.പി ജിതേഷ്, പ്രൊജക്ട് എൻജിനീയർ വി. അജേഷ്, പദ്ധതിയുടെ രൂപകല്പന നിർവഹിച്ച ജിതിൻ പൊന്നേംപറമ്പത്ത്, അനുഷ്ഠാന തിറയാട്ട കലാസമിതി സാരഥി മുരളി വാഴയൂർ, ശിൽപ്പി മുണ്ടോളത്തിൽ കിളിയാടി ദേവദാസൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു