ലഹരി ഉപയോഗവും വിൽപ്പനയും : കേസുകൾ കൂടുന്നു, പിടിയിലാകുന്നവരുടെ എണ്ണവും
1544147
Monday, April 21, 2025 5:22 AM IST
കോഴിക്കോട്: ജില്ലയില്‍ ലഹരി വസ്തുക്കൾ സഹിതം പിടിയിലാകുന്നവരുടെ എണ്ണത്തിലും ഇതേ തുടന്നുള്ള കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്. ഈ മാസം മാത്രം 62 കേസുകളിലായി 66 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ ഏറെയും എംഡിഎംഎ കേസുകളിലാണ്. ലഹരി മാഫിയയ്ക്കെതിരെ നടപടി ശക്തമാക്കിയതിന് ശേഷം 1,157 പേരാണ് പോലീസ് വലയിലായത്.
സിറ്റിയിൽ മാത്രം 1,101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2037.44 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇവയുടെ വില. ഹാഷിഷ്, കഞ്ചാവ്, മെത്താഫിറ്റമിൻ തുടങ്ങിയവും പിടികൂടിയവയിലുണ്ട്. 40.296 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്.ജില്ലയിൽ ലഹരിക്കടത്തും വിതരണവും പിടികൂടുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊലീസ് ശക്തമായ പരിശോധന തുടരുകയാണ്.
ലഹരി കടത്തുകാരുടെയും ഹോട്ട് സ്പോട്ടുകളുടെയും സമഗ്രമായ പട്ടിക തയ്യാറാക്കി ഇവിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
താമരശ്ശേരി ചുരം ഭാഗങ്ങളിലും അതിർത്തി പ്രദേശങ്ങളിലും പൊതുഗതാഗതം, ടൂറിസ്റ്റ് ബസുകൾ, ആഢംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സംശയാസ്പദമായ വാഹനങ്ങളിലും പ്രത്യേക പരിശോധന നടന്നുവരികയാണ്.
ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യുകയാണ്. മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനവും ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും പിടിച്ചെടുക്കുന്നുണ്ട്.