പദ്ധതി നിർവഹണത്തിൽ മികച്ച നേട്ടവുമായി ഓമശേരി
1544154
Monday, April 21, 2025 5:26 AM IST
താമരശേരി: 2024-25 വാർഷിക പദ്ധതിയുടെ നിർവഹണത്തിൽ മികച്ച നേട്ടം കൈവരിച്ച് ഓമശേരി പഞ്ചായത്ത്. 100.2 ശതമാനം തുക ചെലവഴിച്ച് ഓമശേരി പഞ്ചായത്ത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തി.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ നിർവഹണ പുരോഗതിയിൽ ഓമശേരി പഞ്ചായത്ത് 196-ാം സ്ഥാനത്തെത്തി മികവ് പുലർത്തി. 2022-23 വാർഷിക പദ്ധതി നിർവഹണത്തിലും 96.86 ശതമാനം തുക ചെലവഴിച്ച് ഓമശേരി പഞ്ചായത്ത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 2022-23 ൽ സംസ്ഥാന തലത്തിൽ 217-ാം സ്ഥാനത്തായിരുന്നു.
പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം 2024-25 ലെ നിർവഹണ പുരോഗതി അവലോകനം ചെയ്യുകയും 2025-26 ലെ പുതിയ വാർഷിക പദ്ധതി ചർച്ച ചെയ്യുകയും ചെയ്തു.
പദ്ധതി നിർവഹണത്തിൽ പഞ്ചായത്തിനെ മികച്ച നേട്ടത്തിലെത്തിക്കാൻ പരിശ്രമിച്ച സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പടെ 13 നിർവഹണ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട ജീവനക്കാരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് ഫാത്വിമ അബു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.