വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ ചൊല്ലി തർക്കം : ദമ്പതികൾക്ക് മർദനമേറ്റു, കാർ തകർത്തു
1544145
Monday, April 21, 2025 5:22 AM IST
നാദാപുരം: കല്ലാച്ചി-വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം കാറിന് നേരെ അക്രമം. ഏഴ് മാസം പ്രായമായ കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ചെക്യാട് പുളിയാവ് സ്വദേശികളായ ചാലിൽ നിധിൻ ലാൽ (28), ഭാര്യ ആതിര (24) മകൾ നിതാര (എഴ് മാസം), മുസ്ലിം ലീഗ് നേതാവ് അഹമ്മദ് കുറുവയിൽ (48) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. വിഷ്ണുമംഗലത്തെ വധുഗൃഹത്തിൽ നിന്ന് പുളിയാവ് ഭാഗത്തെ വരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. വളയം ഭാഗത്ത് നിന്ന് കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു വിവാഹ സംഘം ഓടിച്ച ഥാർ ജീപ്പ് ചെക്യാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിച്ചു.
ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. ഥാർ ജീപ്പിൽ ഉണ്ടായിരുന്ന ആറ് പേർ അടങ്ങുന്ന സംഘം കാർ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നു.
കാറിന്റെ ഗ്ലാസ് ഇരുമ്പുവടി കൊണ്ട് അടിച്ച് തകർക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്തെന്നാണ് പരാതി. പ്രദേശത്ത് സംഘർഷം നടക്കുന്നത് അറിഞ്ഞ് സ്ഥലത്ത് എത്തിയതായിരുന്നു മുസ്ലിം ലീഗ് നേതാവ് അഹമ്മദ് കുറുവയിൽ. സ്ഥലത്ത് വൻ പോലീസ് സന്നാഹവും എത്തിയിരുന്നു.
ഇതിനിടയിലാണ് കുറുവയലിന് മർദനമേറ്റത്. നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ കാർ യാത്രക്കാർ നാദാപുരം ഗവ. ആശുപത്രിയിൽ ചികിൽസ തേടി. സംഘർഷത്തെ തുടർന്ന് വളയം റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നാദാപുരം, വളയം, കുറ്റ്യാടി, എടച്ചേരി, വടകര എന്നിവിടങ്ങളിൽ നിന്നുള്ള വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു.