മെഡിക്കൽ കോളജിൽ രോഗിയുടെ കേസ് ഷീറ്റ് നഷ്ടപ്പെട്ടതായി പരാതി
1544146
Monday, April 21, 2025 5:22 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയുടെ കേസ് ഷീറ്റ് നഷ്ടപ്പെട്ടതായി പരാതി. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സ തേടിയ കൊയിലാണ്ടി സ്വദേശി മണിയുടെ കേസ് ഷീറ്റാണ് നഷ്ടപ്പെട്ടത്. ചികിത്സാ സഹായത്തിനും ഡിസ്ചാർജിനുമടക്കം കേസ് ഷീറ്റ് ആവശ്യമാണ്. ഒരുമാസം മുന്പാണ് മണിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൂട്ടിന് ഭാര്യ മിനിയാണുള്ളത്.
ചികിത്സ പൂർത്തിയായി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചികിത്സാ വിവരങ്ങളുള്ള കേസ് ഷീറ്റ് കാണാതെ പോയത്. ഡോക്ടറുടെ കൈയിൽ നിന്നാണ് നഷ്ടപ്പെട്ടതെന്ന് മിനി ആരോപിക്കുന്നു.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജിന് മാത്രമല്ല, ഇൻഷ്വറൻസ് തുക ലഭിക്കണമെങ്കിലും കേസ് ഷീറ്റ് വേണമെന്നാണ് നിബന്ധന.