വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കാട്ടാന തകർത്തു
1536384
Tuesday, March 25, 2025 8:23 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ പാലക്കയം നഗറിൽ കാട്ടാനയുടെ വിളയാട്ടം. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തകർത്തു.
ഇന്നലെ പുലർച്ചെയാണ് കാട്ടാന പാലക്കയം നഗറിലെ ചെറിയ ചൈരന്റെ വീട്ടുമുറ്റത്തെത്തി ബൈക്ക് തകർത്തത്. മരുമകൻ അഭിലാഷിന്റെ ബൈക്കാണ് തകർത്തത്. കഴിഞ്ഞ ദിവസം ഊരുമൂപ്പൻ പാലക്കയം കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്തെത്തി പരാക്രമം നടത്തിയ മോഴയാനയാണ് വീണ്ടുമെത്തിയത്. മുതുവാൻ കാട്ടുനായ്ക്ക വിഭാഗങ്ങളിലായി നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പാലക്കയം നഗറിലാണ് കാട്ടാന ഭീതി വിതയ്ക്കുന്നത്. ആനഭയം മൂലം കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ചെറിയ ചൈരൻ പറഞ്ഞു.