മഞ്ചേരിയിൽ മോക്ഡ്രിൽ നടത്തി
1548923
Thursday, May 8, 2025 6:03 AM IST
മഞ്ചേരി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശ പ്രകാരം രാജ്യത്തെ വിവിധ കേന്ദ്രങ്ങൾക്കൊപ്പം മഞ്ചേരിയിലും മോക്ഡ്രിൽ സംഘടിപ്പിച്ചു.
ഫയർഫോഴ്സ്, പോലീസ്, സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ മേധാവികളുടെയും യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പോലീസും ചേർന്ന് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചത്.
വൈകീട്ട് നാലു മണിയോടുകൂടി കച്ചേരിപ്പടിയിൽ അപായ സൈറണ്‍ മുഴക്കുകയും പ്രതീകാത്മകമായി മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ആളുകളെ സ്ട്രെച്ചറിൽ എടുത്ത് ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതോടെ എല്ലാ ഓഫീസുകളിലും ആളുകളെ അകത്തേക്ക് കയറ്റി വാതിലുകൾ അടക്കുകയും ലൈറ്റ്, ഫാൻ എന്നിവ ഓഫ് ചെയ്ത് അടുത്ത സൈറണ്‍ മുഴങ്ങുന്നതുവരെ പുറത്തിറങ്ങാതിരിക്കുകയും ചെയ്തു.
ആൾക്കൂട്ടം കുടുതലായി വരുന്ന മാളുകൾ, പെട്രോൾ പന്പുകൾ എന്നിവടങ്ങളിൽ ജനങ്ങളെ നിയന്ത്രിക്കുകയും പെട്രോൾ പന്പുകൾ 30 മിനിട്ട് പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. താലൂക്കിന് കീഴിലെ വില്ലേജ് ഓഫീസുകളിലും ഇത്തരം പ്രവർത്തനങ്ങളോടെ മോക്ഡ്രിൽ സംഘടിപ്പിച്ചു.