കോട്ടക്കുന്നിൽ ജനത്തിരക്കേറുന്നു; എന്റെ കേരളം പ്രദർശനം മൂന്നാം ദിവസത്തിലേക്ക്
1549191
Friday, May 9, 2025 6:02 AM IST
മലപ്പുറം: പ്രദർശന മേള കളർഫുൾ ആയതോടെ രണ്ടാംദിനം ആയിരങ്ങളെത്തി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന, വിപണന മേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. വൈവിധ്യമായ പ്രദർശനങ്ങൾ മനം കവരാൻ ഇന്നലെ രാവിലെ മുതൽ തന്നെ മേള നഗരി ജനസാഗരം കൊണ്ട് നിറഞ്ഞു. ഉച്ചയ്ക്ക് നടന്ന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ നടന്നു.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതായിരുന്നു സെമിനാർ. വൈകീട്ട് അതുൽ നറുകരയും സംഘവും നടത്തിയ ഗാനമേളക്കും നിറഞ്ഞ സദസാണ് സാക്ഷിയായത്. സംഗീത വിരുന്നിൽ ശ്രോതാക്കളും ലയിച്ചതോടെ പുത്തനുണർവാണ് സമ്മാനിച്ചത്.
സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ സ്റ്റാളുകൾ കാണാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പല സ്റ്റാളുകളും വ്യത്യസ്ത പരിപാടികളും ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലുകൾ, വിനോദ സഞ്ചാര മേഖലയിലെ സവിശേഷതകൾ, നമ്മുടെ നാടിന്റെ ചരിത്രം, നേട്ടം എന്നിവയാണ് മേളയിൽ പ്രതിഫലിപ്പിക്കുന്നത്.
പ്രദർശന വിപണന മേളയിൽ ഇന്ന് രാവിലെ 10.30ന് ആയുർവേദ വകുപ്പ് നയിക്കുന്ന ’സ്ത്രീരോഗം-പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ’, ’ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ’ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.
ഉച്ചയ്ക്ക് രണ്ടിന് ’സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം’ എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകീട്ട് ഏഴ് മുതൽ സൂഫിഗായകരായ സമീർ ബിൻസിയും ഇമാമും നയിക്കുന്ന സൂഫി സംഗീത നിശ അരങ്ങിലെത്തും.