പോക്സോ കേസിൽ 51 കാരന് 47 വർഷം കഠിന തടവ്
1548916
Thursday, May 8, 2025 5:55 AM IST
പെരിന്തൽമണ്ണ: പന്ത്രണ്ട് വയസുകാരന് നഗ്ന ഫോട്ടോകളും വീഡിയോകളും കാണിച്ച് കൊടുത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 51 വയസുകാരനെ 47 വർഷം കഠിന തടവിനും 87,000 രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചു.
മങ്കട ഉള്ളാട്ട്പടി തലാപ്പിൽ സൈതലവി (51) യെയാണ് 2023-ൽ മങ്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും ഒരു മാസവും അധിക കഠിന തടവനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. കൂടാതെ നഷ്ടപരിഹാര സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം നൽകുന്നത് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് നിർദേശം നൽകി.
മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി. വിഷ്ണു ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.