ചാലിയാർ പഞ്ചായത്തിൽ കാട്ടാന വീടിന്റെ മതിൽ തകർത്തു
1548912
Thursday, May 8, 2025 5:55 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. വീടിന്റെ ചുറ്റുമതിൽ തകർത്തു. പഞ്ചായത്തിലെ ആനപ്പാറ വെട്ടത്ത് ജോസിന്റെ മതിലാണ് ഇന്നലെ പുലർച്ചെ 2.30 ഓടെ കാട്ടാന തകർത്തത്. വീടിന്റെ പിൻഭാഗത്തെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്കെത്തിയ കാട്ടാന പ്ലാവിലെ ചക്കകൾ വീഴ്ത്തി ഭക്ഷിച്ചാണ് മടങ്ങിയത്. അക്ബർ നെച്ചിയന്റെ പറന്പിലെ ചക്കയും ഭക്ഷിച്ചു.
പ്രദേശത്തെ നാസർ പത്തുതറയുടെ പറന്പിലും കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനപ്പാറ മേഖല ഏതാനും നാളുകളായി കാട്ടാന ഭീതിയിലാണ്. ജനവാസ മേഖലയിലേക്ക് നിത്യവും കാട്ടാനകൾ എത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരവധി വീടുകളുടെ ചുറ്റുമതിലുകളും ഗേറ്റുകളുമാണ് കാട്ടാനകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തകർത്തത്. ആന ഭീതിയിൽ രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തുകാർ.