ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചു: മന്ത്രി വി. അബ്ദുറഹ്മാൻ
1548915
Thursday, May 8, 2025 5:55 AM IST
എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് മലപ്പുറത്ത് വർണാഭമായ തുടക്കം
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന, വിപണന മേളയ്ക്ക് വർണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് 4.30ന് മന്ത്രി വി. അബ്ദുറഹ്മാൻ ഓണ്ലൈനായി ഉദ്ഘാടനം നിർവഹിച്ചു. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി വിശ്വാസം ആർജിക്കാൻ ഈ സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷത്തിന് തുടർഭരണം നൽകാൻ കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോവുകയാണ് സർക്കാരിന്റെ നയം.
ഭരണത്തിന്റെ നാനാതലങ്ങളിലും മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാരാണിത്. പ്രകടനപട്ടികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഒട്ടുമിക്ക പദ്ധതികളും പാലിക്കാൻ കഴിഞ്ഞു. ഇനി വിരലിലെണ്ണാവുന്ന പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ 10.30ന് കുടുംബശ്രീയുടെ ’ഇ- മാലിന്യത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തിൽ മെഗാപരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ ’റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകുന്നേരം ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക് ലോർ ലൈവും അരങ്ങേറും.
കഴിഞ്ഞ ഒന്പത് വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽഇഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും.
കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സന്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷൻ.
കോട്ടക്കുന്നിൽ ശീതീകരിച്ച രണ്ട് പന്തലിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് പ്രദർശന വിപണന മേള നടക്കുന്നത്. 150 ലധികം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, 2000 ചതുരശ്ര അടിയിൽ പിആർഡിയുടെ എന്റെ കേരളം ഒന്നാമത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദർശനം,
സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ, ഐടി വകുപ്പിന്റെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോണ്, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകൾ, മിനി തിയേറ്റർ എല്ലാം സജ്ജമാക്കിയിട്ടുണ്ട്.
ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. മേളയോടനുബന്ധിച്ച് കോട്ടക്കുന്നിലേക്കുള്ള ഡിടിപിസിയുടെ പ്രവേശന ടിക്കറ്റും പാർക്കിംഗ് ഫീയും ഒഴിവാക്കി പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.