മാലിന്യക്കുഴിയല്ലിത്; റോഡ് തന്നെ
1548634
Wednesday, May 7, 2025 5:18 AM IST
കരുവാരകുണ്ട്: ഒറ്റനോട്ടത്തിൽ മാലിന്യം നിറഞ്ഞ പ്രദേശമാണെന്ന് തോന്നുമെങ്കിലും ആളുകൾക്ക് സഞ്ചരിക്കാനും വാഹന ഗതാഗതത്തിനുമുള്ള റോഡ് തന്നെയാണിത്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കുട്ടത്തി വാർഡിൽ കുട്ടത്തി മുക്കട്ടായിൽ നിന്ന് പാന്പീര്യം പാറയിലേക്കുള്ള റോഡിന്റെ ഒരു ഭാഗത്തെ അവസ്ഥയാണിത്.
കോണ്ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ പ്രവർത്തനം കാരണമായാണ് റോഡ് ഇത്തരത്തിലായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മഴ പെയ്യുന്നതോടെ പരിസരങ്ങളിൽ നിന്നുള്ള മണ്ണ് ഒഴുകിവന്നടിഞ്ഞ് കൂടുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. മഴ നിലയ്ക്കുന്നതോടെ പരിസരവാസികൾ മണ്ണ് കോരി ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാൽ മഴ തുടരെയുള്ള സമയത്ത് മണ്ണ് കോരി ഒഴിവാക്കൽ അസാധ്യമാണ്.
കൂടെക്കൂടെ മണ്ണ് ഒഴുകി വരുന്നതിനാൽ മുഴുവൻ മണ്ണും നീക്കം ചെയ്യാൻ സാധിക്കാറില്ല. വിദ്യാർഥികളും തൊഴിലാളികളുമുൾപ്പെടെ നിരവധി പേർക്ക് ആശ്രയമാണീ റോഡ്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ ധാരാളം കുട്ടികൾക്ക് ഇതുവഴി വിദ്യാലയങ്ങളിൽ പോകേണ്ടിവരും. ഇതുവഴി സഞ്ചരിക്കുന്പോൾ വീഴുകയോ വസ്ത്രങ്ങളിൽ അഴുക്കാവുകയും ചെയ്യാറുണ്ട്. വാഹനഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്യും.
കണ്ണത്ത്, ചിലന്പിലകൈ, കേരള എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടിയായ കുട്ടത്തിയിലെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളായി.
അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്പെങ്കിലും കോണ്ക്രീറ്റ് ചെയ്ത് ഉയർത്തി മണ്ണും ചെളിയും ഒഴുകി പോകാനുള്ള സൗകര്യമൊരുക്കുകയോ വെള്ളം ഒഴുകി പോകാൻ അഴുക്കുചാൽ നിർമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.