ജനപ്രതിനിധികൾ ജെഡി ഓഫീസ് ഉപരോധിച്ചു
1548629
Wednesday, May 7, 2025 5:13 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിൽ ഓവർസിയർമാർ ഇല്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഭരണസമിതി അംഗങ്ങൾ മലപ്പുറത്ത് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ (ജെഡി) ഓഫീസ് ഉപരോധിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളാണ് പ്രസിഡന്റ് കെ.പി. സഈദയുടെ നേതൃത്വത്തിൽ ജെഡി ഓഫീസ് ഉപരോധിച്ചത്.
എസ്റ്റിമേറ്റുകൾ തയാറാക്കാനും കെട്ടിടങ്ങൾക്ക് നന്പറിട്ട് നൽകാനും കഴിയാതെ അങ്ങാടിപ്പുറം പഞ്ചായത്തിലെ ജനങ്ങൾ നാളുകളായി പ്രയാസം അനുഭവിക്കുകയാണ്. 19 മാസമായി ഓവർസിയർ സ്ഥലം മാറി പോയിട്ട്. പകരം സ്ഥിരം നിയമനം നൽകാതെ മറ്റു പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവർക്ക് അധിക ചുമതല ഏൽപ്പിക്കുകയാണ്.
അപ്രകാരം അഡീഷണൽ ചാർജ് നൽകിയവരെയും തിരിച്ചയച്ച സാഹചര്യത്തിലാണ് ജനപ്രതിനിധികൾ പ്രക്ഷോഭം നടത്തിയത്. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽബാബു, ഫൗസിയ തവളങ്ങൽ, സെലീന താണിയൻ,
മെംബർമാരായ കെ.ടി.അൻവർ, തൂന്പലക്കാടൻ ബഷീർ, ശിഹാബ് ചാത്തനല്ലൂർ, കെ. ദാമോദരൻ, ജസീന അങ്കകാട്ടിൽ, ഖദീജ ആറങ്ങോടൻ, ഷംസാദ് ബീഗം, കോറാടൻ റംല, കെ.കെ.സി.എം. അബു താഹിർ തങ്ങൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കാമെന്നുള്ള ജോയിന്റ് ഡയറക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.