മഞ്ചേരി മെഡിക്കൽ കോളജിൽ അഗ്നിരക്ഷാ മുൻകരുതലിന് യോഗം ചേർന്നു
1548630
Wednesday, May 7, 2025 5:13 AM IST
മഞ്ചേരി: കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ തീപിടിത്തവും പുകയും ഉണ്ടായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത യോഗം ചേർന്നു. നിലവിലെ സംവിധാനം വിലയിരുത്തുന്നതിനായാണ് കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്.
എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി നാളെ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ചു. ദിവസവും മുവ്വായിരത്തോളം രോഗികളെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രിയായ മെഡിക്കൽ കോളജിൽ മതിയായ അഗ്നിസുരക്ഷ സംവിധാനം ഇപ്പോഴും നിലവിലില്ല.
അത്യാഹിത വിഭാഗത്തിലും സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും ബി ബ്ലോക്കിലും സുരക്ഷാ ക്രമീകരണങ്ങളില്ല. പ്രാഥമിക അഗ്നിരക്ഷ ഉപകരണങ്ങളായ ഫയർ എക്സ്റ്റിൻഗ്യൂഷറുകൾ പലയിടങ്ങളിലുമുണ്ട്. എന്നാൽ ഇവ പ്രവർത്തിക്കാൻ ജീവനക്കാർക്ക് വേണ്ടത്ര പരിശീലനം നൽകിയിട്ടില്ല.
പരിശീലനം നൽകാനും മറ്റുമായി ഒരു താൽക്കാലിക ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ മാത്രമാണുള്ളത്. അത്യാഹിത വിഭാഗത്തിലും ബി ബ്ലോക്കിലും ഉടൻ അഗ്നിസുരക്ഷ സംവിധാനമൊരുക്കും. ഇതിനായി നേരത്തെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായതായും സൂപ്രണ്ട് പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ്, സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. നാസർ, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ, ഫയർ സ്റ്റേഷൻ ഓഫിസർ പി.വി. സുനിൽ കുമാർ, ഡെപ്യൂട്ടി താഹസിൽദാർ അഹമ്മദ് മുസ്തഫ, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ സി.ടി. ബഷീർ അഹമ്മദ്, അസിസ്റ്റന്റ് എൻജിനീയർ സുധിരാജ്, സിവിൽ അസിസ്റ്റന്റ് എൻജിനിയർ വൈശാഖ് എന്നിവർ സംബന്ധിച്ചു.