കരുവാരകുണ്ട് പാലിയം ഡയാലിസിസ് സെന്റർ തുറന്നു
1548911
Thursday, May 8, 2025 5:55 AM IST
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കീഴിൽ നിർമിച്ച പാലിയം ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു. എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നര കോടിയിലധികം രൂപ ചെലവിലാണ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഇരുപതാം വാർഷികോപഹാരമായാണ് ഡയാലിസിസ് സെന്റർ ഒരുക്കിയത്. അഞ്ച് മെഷീനിന്റെ സഹായത്തോടെ ദിനംപ്രതി പത്ത് പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ജനകീയ പങ്കാളിത്തത്തോടെയും കൂട്ടായ്മകളുടെയും സുമനസുകളുടെയും സഹായത്തോടെയുമാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്.
പാലിയേറ്റീവ് പ്രസിഡന്റ് സാദിഖ് പറന്പിൽ അധ്യക്ഷത വഹിച്ചു. തണൽ പ്രതിനിധി ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു, കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ, ജില്ലാ പഞ്ചായത്തംഗം വി.പി. ജസീറ, ട്രോമാ കെയർ സംസ്ഥാന ഭാരവാഹി മൈമൂനത്ത്,
കരുവാരക്കുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ടി.ശ്രീനിവാസൻ, സ്വാഗതസംഘം ചെയർമാൻ ജോയ് ചെറിയാൻ വയലിൽ, നുഹ്മാൻ പാറമ്മൽ, പാലിയേറ്റീവ് സെക്രട്ടറി കെ.കെ. അബ്ദുൾ മജീദ്, ട്രഷറർ ടി. സലീം, പാലിയം ചെയർമാൻ ഒ.പി. അലി, ടി.ഡി. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.