നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടികയായി
1548430
Tuesday, May 6, 2025 7:48 AM IST
നിലന്പൂർ: നിലന്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. അതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും ഒന്പത് ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടും.
പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർധിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും എളുപ്പത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 1048 സ്ത്രീകൾ എന്നതാണ്. അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം മുഴുവൻ പൂർത്തിയായിട്ടുണ്ട്.
ആകെ 6082 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതിൽ നിന്നും ഫീൽഡ് പരിശോധനകൾക്കു ശേഷം 2,210 പേരുകൾ നീക്കം ചെയ്തു. ജനപ്രാതിനിധ്യ നിയമം 1950ലെ സെക്ഷൻ 24 പ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവിനെതിരേ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും ആവശ്യമെങ്കിൽ വോട്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും അപ്പീൽ നൽകാൻ കഴിയുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു. അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലന്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എം.പി. സിന്ധു കൈമാറി.