പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനം 12ന്
1549190
Friday, May 9, 2025 6:02 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത്, ബ്ലഡ് ബാങ്ക് സഹായത്തോടെ നവീകരിച്ച ഗൈനക്കോളജി, ജനറൽ സർജറി, ഇഎൻടി, ഓർത്തോപീഡിക് എന്നിവയ്ക്കായുള്ള മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളും നവീകരിച്ച ഓട്ടോക്ലേവ സംവിധാനവും പ്രീ മെഡിക്കേഷൻ, റിക്കവറി റൂമുകളും ഉൾക്കൊള്ളുന്ന നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് ഇ.ടി. മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും.
ഡയാലിസിസ് യൂണിറ്റിന്റെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് അനുവദിച്ച ഇടിപി പ്രവർത്തന ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും. സ്ഥല പരിമിതി മൂലം നിലവിലെ ഓപ്പറേഷൻ തിയേറ്ററിൽ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വിശാലമായ ഓപ്പറേഷൻ തിയേറ്റർ
സജ്ജമാകുന്നതോടെ എല്ലാവിധ ശസ്ത്രക്രിയകളും നടത്താനാകുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒന്പത് ഡയാലിസിസ് മെഷീനുകളുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ പ്രതിദിനം 24 ഡയാലിസിസ് നടത്താൻ സൗകര്യമുണ്ട്. പ്രതിദിനം 10,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാനാകുന്ന ആധുനിക പ്ലാന്റാണ് ഇവിടെ നിർമിക്കുന്നത്. പുനരുപയോഗം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള നൂതന അൾട്രാഫിൽട്രേഷൻ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാന്റ് നിർമിക്കുന്നത്.
ഗവണ്മെന്റ് അക്രഡിറ്റഡ് ഏജൻസിയായ ഐആർടിസിക്കാണ് നിർമാണ ചുമതല. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഡോ. അബൂബക്കർ തയ്യിൽ, ഹംസ പാലൂർ, കുറ്റീരി മാനുപ്പ, ആശുപത്രി സൂപ്രണ്ട് എൽ. ഷീനാലാൽ, ആർഎംഒ ഡോ. ദീപക് കെ. വ്യാസ്, എ.കെ. നാസർ, ഡോ. റൗഫ് തുടങ്ങിയവർ പങ്കെടുത്തു.