പെരിന്തൽമണ്ണയിൽ മഴക്കാല പൂർവ ശുചീകരണം ശക്തമാക്കും
1548920
Thursday, May 8, 2025 6:03 AM IST
പെരിന്തൽമണ്ണ: നഗരസഭയിൽ മഴക്കാലപൂർവ രോഗപ്രതിരോധ ശുചീകരണ, മാലിന്യ പരിപാലന കർമ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കൗണ്‍സിൽ യോഗം ചേർന്നു. 15 നകം വാർഡുകളിൽ ശുചീകരണ കമ്മിറ്റികൾ ചേരും.
വെള്ളക്കെട്ടുകൾ, മറ്റു മാലിന്യം കെട്ടികിടക്കക്കുന്ന സ്ഥലങ്ങൾ, തടസമുള്ള ഡ്രൈനേജ് എന്നിവയുണ്ടെങ്കിൽ അത്തരം സ്ഥലങ്ങൾ കണ്ടെത്തി അടിയന്തരമായി വൃത്തിയാക്കും.
മുനിസിപ്പൽതല ശുചീകരണം, പൊതുസ്ഥലങ്ങൾ, പൊതുജലാശയങ്ങൾ എന്നിവ ജനകീയ സഹകരണത്തോടെ 18 നും വാർഡ്തലത്തിൽ ആരോഗ്യശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ഓടകൾ, റോഡ് അരികുകൾ, പൊതുകുളങ്ങൾ, പൊതുകിണർ എന്നിവിടങ്ങളിൽ 19 മുതൽ 25 വരെയും ശുചീകരണം നടക്കും.
ഗാർഹികതല ശുചീകരണം, സ്ഥാപനതല ശുചീകരണം, ജലജന്യരോഗങ്ങൾ തടയുന്നതിന്റെ ഭാഗമായ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ, പരിസ്ഥിതി ദിനാചരണം, സ്കൂളുകളുടെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്ന പരിശോധന, ഗൃഹസന്ദർശനവും ബോധവത്കരണ നോട്ടീസ് വിതരണം തുടങ്ങി ദുരന്തനിവാരണ പ്രവൃത്തികൾ ഉൾപ്പെടെയുള്ളവ നടപ്പാക്കാനും യോഗം തീരുമാനിച്ചു.