റോഡുകൾ ശോച്യാവസ്ഥയിൽ; കളക്ടർക്ക് നിവേദനം നൽകി
1548922
Thursday, May 8, 2025 6:03 AM IST
പെരിന്തൽമണ്ണ: ആലിപ്പറന്പ് പഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്ന് മുതൽ കാളിക്കടവ് വരെയും ഹൈസ്കൂൾപടി മുതൽ വില്ലേജ്പടി വരെയുമുള്ള രണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ കളക്ടർക്ക് നിവേദനം നൽകി.
തദ്ദേശ സ്ഥാപനങ്ങളും സർക്കാരും തുടരുന്ന അവഗണനയിൽ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ആലിപ്പറന്പ് പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ ഉൾപ്പെടുന്ന എട്ട് മീറ്റർ വീതിയുള്ള പള്ളിക്കുന്ന് മുതൽ കാളിക്കടവ് വരെ ഒന്നര കിലോമീറ്റർ ഭാഗവും ഹൈസ്കൂൾപടി മുതൽ വില്ലേജ്പടി വരെ ഒന്നര കിലോമീറ്റർ ഭാഗവുമാണ് തകർന്നിരിക്കുന്നത്.
മഴ തുടങ്ങിയാൽ ഇതുവഴിയുള്ള ബസ്, ഓട്ടോ സർവീസ് ഉൾപ്പെടെ മുടങ്ങും. ഇക്കാര്യങ്ങളിൽ ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പെരിന്തൽമണ്ണയിലെത്തിയ ഘട്ടത്തിൽ നാട്ടുകാർ വിഷയം ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. പഞ്ചായത്ത് ആസ്തി രേഖയിലുള്ള റോഡിന് പഞ്ചായത്തിൽ നിന്ന് തുക ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതിലാണ് മറ്റു വകുപ്പുകളെ സമീപിക്കുന്നതെന്നും ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾ പറഞ്ഞു.
ആലിപ്പറന്പ് ഹൈസ്കൂളിൽ ചേർന്ന യോഗ തീരുമാന പ്രകാരമാണ് ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ളവരെ പരാതിയുമായി സമീപിക്കാൻ തീരുമാനിച്ചത്. നടപടിയില്ലാത്തപക്ഷം പ്രദേശത്തെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ, നിസഹകരണ, ബഹിഷ്കരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.
ആർഡിഒയ്ക്കും കത്ത് നൽകി. ആക്ഷൻ കൗണ്‍സിൽ ചെയർമാൻ കെ. രാമചന്ദ്രൻ, കണ്‍വീനർ ടി. മുഹമ്മദ് എന്ന മാനാജി, ട്രഷറർ പി. പ്രസേനൻ, ജയരാജൻ, സുകുമാരൻ, സജീവ്, മുഹമ്മദുകുട്ടി, മുഹമ്മദലി, കുഞ്ഞിപ്പ, മണി എന്ന സുന്ദരൻ എന്നിവരടങ്ങുന്ന സംഘമാണ് കളക്ടർക്ക് നിവേദനം നൽകിയത്.