മഞ്ചേരി മെഡിക്കൽ കോളജ് : മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
1549189
Friday, May 9, 2025 6:02 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച് സംസ്ഥാന മനുഷ്യവകാശ കമ്മീഷന് പരാതി നൽകി. പൊതുപ്രവർത്തകനായ എലന്പ്ര തേനത്ത് മുഹമ്മദ് ഫൈസിയാണ് പരാതി നൽകിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രതിദിനം നിരവധി രോഗികൾ എത്തുന്ന ആശുപത്രിയിൽ നെഫ്രോളജി ഒ.പി പ്രവർത്തിക്കുന്നത് ബുധനാഴ്ച മാത്രമാണ്.
ആഴ്ചയിൽ ഒരു ദിവസം മാത്രം പ്രവർത്തിക്കുന്ന ഒപിയിൽ 60 രോഗികൾക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നത്. അതിന്റെ പത്തിരട്ടിയോളം രോഗികൾ എത്തുന്നുണ്ടെങ്കിലും അവശേഷിക്കുന്നവർക്ക് ചികിത്സ ലഭിക്കണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ന്യൂറോളജി വിഭാഗത്തിലെ സ്ഥിതിയും വിഭിന്നമല്ല. ചൊവ്വാഴ്ച മാത്രം ഒപിയുള്ള ഇവിടെ ചികിത്സ 50 രോഗികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു.
എക്സ് റേ, സ്കാനിംഗ് എന്നിവക്കായി 200 മീറ്റർ അകലെയുള്ള ബ്ലോക്കിലേക്ക് രോഗികളെ കൊണ്ടുപോകേണ്ടി വരുന്നുവെന്നതാണ് മറ്റൊരു ദുരവസ്ഥ. അപകടങ്ങളിലും മറ്റും സാരമായി പരിക്കുപറ്റിയവരെയും അത്യാഹിത വിഭാഗത്തിലെയും വാർഡിലെയും രോഗികൾക്കും അംഗപരിമിതർക്കും ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നു.
അകലെയുള്ള ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന റേഡിയോളജിയിലെത്താൻ മേൽക്കൂരയില്ലാത്ത സ്ഥലത്തുകൂടെ രോഗിയെ സ്ട്രെച്ചറിൽ കിടത്തിയോ വീൽച്ചെയർ തള്ളിയോ പോകേണ്ടി വരുന്നു .തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.