ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
1549185
Friday, May 9, 2025 6:02 AM IST
പൊന്നാനി: ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വെളിയംകോട് എസ്ഐ പടിയിൽ താമസിക്കുന്ന കൊളത്തേരി സാദിഖ്(30)നെയാണ് അന്വേഷണസംഘം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിൽ പൊന്നാനിയിലാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി യുവാക്കൾ കാറിൽ വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പൊന്നാനി പോലീസ് കാർ തടഞ്ഞു പരിശോധിക്കാൻ ശ്രമിക്കുന്പോഴാണ് പൊന്നാനി എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപിച്ച ശേഷം സംഘം രക്ഷപ്പെട്ടത്.
സംഭവത്തിൽ കാറോടിച്ച മുഖ്യപ്രതിയായ സാദിഖിനെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പൊന്നാനി എസ്ഐ യാസിർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അഭിലാഷ്, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമരായ മഹേഷ് മോഹൻ, കൃപേഷ്, ശ്രീരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് വെളിയംകോട് നിന്ന് പിടികൂടിയത്. അടിപിടി, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായാണ് സാദിഖ്.
ഒരു മാസം മുന്പാണ് തവനൂർ സെൻട്രൽ ജയിലിൽ നിന്ന് ഇയാൾ പുറത്തിറങ്ങിയത്. മലപ്പുറം ജില്ലയിൽ ലഹരി, അക്രമ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകളായ പ്രതികൾക്കെതിരെ എസ്പി ആർ. വിശ്വനാഥ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് കളക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിലാക്കി.