മലപ്പുറം കോർപ്പറേഷനാക്കണം: ലെൻസ്ഫെഡ്
1549187
Friday, May 9, 2025 6:02 AM IST
മലപ്പുറം: ജില്ലയുടെ ആസ്ഥാന നഗരസഭയായ മലപ്പുറം നഗരസഭയെ സമീപ പഞ്ചായത്തുകളായ കൂട്ടിലങ്ങാടി, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, കോഡൂർ എന്നിവയെ ചേർത്ത് മലപ്പുറം കോർപ്പറേഷനാക്കി മാറ്റണമെന്ന് ലെൻസ്ഫെഡ് മലപ്പുറം യൂണിറ്റ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നദികളിൽപ്പെട്ട ചാലിയാറിനെയും കടലുണ്ടി പുഴയെയും ബന്ധിപ്പിച്ച് എടവണ്ണയിൽ നിന്ന് ആനക്കയത്തേക്ക് ടണലുണ്ടാക്കി രണ്ട് പുഴയിലും വെള്ളം നിലനിർത്തുവാൻ നടപടികൾ സ്വീകരിക്കണം.
ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലയായ മലപ്പുറം ജില്ലയിൽ ജില്ലാ ആസ്ഥാനത്തും മറ്റു പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളിലും പുതിയ ജനറൽ ആശുപത്രി ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കണം. ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മഞ്ചേരി, പരപ്പനങ്ങാടി, തിരൂർ റോഡുകൾ 20 മീറ്റർ വീതികൂട്ടി ഗതാഗത സൗകര്യം ഒരുക്കണമെന്നും ലെൻസ്ഫെഡ് ആവശ്യപ്പെട്ടു.
ജില്ലയുടെ സമഗ്ര വികസനം നടപ്പാക്കുന്നതിന് തൊഴിൽ സംരംഭങ്ങൾ കണ്ടെത്തുന്നതിനും വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിനും ജില്ലക്കൊരു സമഗ്ര വികസന പ്ലാനും വിഷൻ 2030 നടപ്പാക്കമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. എം. ശിഹാബ്, എ. ജാഫറലി, നിഷാദ് എന്നിവർ പ്രസംഗിച്ചു.