ചെറയക്കോട് പാലം പ്രവൃത്തി ഉടൻ ആരംഭിക്കും
1548921
Thursday, May 8, 2025 6:03 AM IST
എടപ്പറ്റ: എടപ്പറ്റ, തുവൂർ പഞ്ചായത്ത് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ ചെറയക്കോട് പാലത്തിന്റെ പ്രവൃത്തി ഉടൻ തുടങ്ങും. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നിർദിഷ്ട സ്ഥലം സന്ദർശിച്ചു. എൻഎച്ച് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ, നിർമാണം ഏറ്റെടുത്ത എബിഎം കണ്സ്ട്രക്ഷൻ ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങളായ എൻപി.മുഹമ്മദലി, ചാലിൽ ശബ്ന, രമ്യാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.
എടപ്പറ്റ-തുവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒലിപ്പുഴക്കു കുറുകെ ചെറയക്കോട് കടവിൽ നിർമിക്കുന്ന പാലത്തിന് സേതുബന്ധൻ (സെൻട്രൽ റോഡ് ഇൻ ഫ്രാസ്ട്രക്ചർ ഫണ്ട്) പദ്ധതിയിൽ 12.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും സ്ഥലത്തെ വൈദ്യുതി പോസ്റ്റുകൾ, മരങ്ങൾ തുടങ്ങിയ തടസങ്ങൾ നീക്കുന്നതിനുമുൾപ്പെടെയുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. കഴിഞ്ഞ ജൂണിലാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്.
2021-22 സംസ്ഥാന ബജറ്റിൽ എട്ടു കോടി രൂപ പാലം നിർമാണത്തിന് വകയിരുത്തിയെങ്കിലും സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ 9.73 കോടി രൂപ വേണ്ടി വന്നു. നാല് സ്പാനോടു കൂടി 65 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുള്ളതായിരിക്കും പാലം. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമൊരുക്കും. നാഷണൽ ഹൈവേ അഥോറിറ്റിക്കാണ് നിർമാണച്ചുമതല.
എടപ്പറ്റ പഞ്ചായത്തിലെ നാല്, അഞ്ച് തൂവൂർ പഞ്ചായത്തിലെ 12-ാം വാർഡുകളുമടങ്ങുന്ന പ്രദേശമാണ് ചെറക്കോട്. പുഴയുടെ ഇരുഭാഗത്തും റോഡുകൾ ഉണ്ടെങ്കിലും പുഴ തടസമായതിനാൽ 12 കിലോ മീറ്റർ വരെ ചുറ്റി വേണം ഇരുപ്രദേശത്തുള്ളവർക്കും യാത്ര ചെയ്യാൻ. പാലം യാഥാർഥ്യമായാൽ ഇത് രണ്ടര കിലോമീറ്ററായി ചുരുങ്ങും.