പാത പുനർനിർമിക്കാനായില്ല; മുണ്ടേരി നിവാസികൾ ദുരിതത്തിൽ
1536071
Monday, March 24, 2025 5:59 AM IST
പോത്തുകൽ: കനത്ത മഴയെ തുടർന്ന് തകർന്ന താൽക്കാലിക പാത പുനർനിർമിക്കാനായില്ല. മുണ്ടേരി നിവാസികൾ ദുരിതത്തിൽ. മലയോര പാതയുടെ ഭാഗമായ ചാത്തംമുണ്ട-മുണ്ടേരി റീച്ചിൽ കുനിപ്പാലയിൽ കൾവർട്ട് നിർമാണം നടക്കുന്നതിനാലാണ് താൽക്കാലിക യാത്രാ സംവിധാനമൊരുക്കിയിരുന്നത്. മണ്ണ് നിറച്ച ചാക്കുകൾ അരികുകളിൽ നിരത്തി മണ്ണിട്ട് നികത്തിയാണ് താൽക്കാലിക പാത നിർമിച്ചത്. എന്നാൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ ഇത് ഒലിച്ചുപോവുകയായിരുന്നു.
ഇതോടെ വെളുന്പിയംപാടം, അന്പിട്ടാംപൊട്ടി, മുക്കം, തന്പുരാട്ടിക്കല്ല്, മുണ്ടേരി എന്നിവിടങ്ങളിലേക്കുള്ള വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. ഇന്നലെ താൽക്കാലിക പാതയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഒട്ടോറിക്ഷയും ബൈക്കും മാത്രമാണ് ഇതുവഴി കടന്നുപോയിരുന്നത്.
കഴിഞ്ഞ ദിവസം ഇരുട്ടുകുത്തിക്കടവിലെ പാലം നിർമാണത്തിനുള്ള ഇരുന്പ് കന്പികളുമായി വന്ന ലോറിയും ഇവിടെ കുടുങ്ങി ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് മലപ്പുറത്തു നിന്ന് ക്രെയിൻ എത്തിച്ചാണ് ലോറി നീക്കം ചെയ്തത്. താൽക്കാലിക പാതയുടെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.